koyembedu-market-

അമരാവതി: കോയമ്പേട് വിപണിയിൽ തിരിച്ചെത്തിയവരുമായി ബന്ധപ്പെട്ട് കൊവിഡ് 19 കേസുകൾ ആന്ധ്ര പ്രദേശിൽ വർദ്ധിക്കുന്നു. കൊവിഡ് വ്യാപന സാദ്ധ്യത കൂടുതലായതിനാൽ അതീവ ജാഗ്രത പാലിക്കണമെന്ന് ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി ജനങ്ങളോട് ആവശ്യപ്പെട്ടു. രോഗമുക്തി നിരക്ക് ദേശീയ ശരാശരിയേക്കാൾ വളരെ ഉയർന്നതാണെങ്കിലും പരിശോധന പ്രക്രിയ വേഗത്തിലാക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.


ഇന്ത്യയിലെ ഏറ്റവും വലിയ കൊവിഡ് 19 കേസുകളുടെ ഉറവിടമായി ചെന്നൈയിലെ കോയമ്പേട് വിപണി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കോയമ്പേട് മാർക്കറ്റിൽ നിന്ന് പച്ചക്കറി, പഴം എന്നിവ കയറ്റി മറ്റു നാടുകളിലേക്ക് പോയത്. ചെന്നൈയിലും കോയമ്പേട് മാർക്കറ്റിൽ എത്തിയ നിരവധി പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.


കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആന്ധ്രാപ്രദേശിൽ 33 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. സംസ്ഥാനത്തിന്റെ എണ്ണം 2,051 ആയി. ചിറ്റൂർ, നെല്ലൂർ, ഈസ്റ്റ് ഗോദാവരി എന്നിവിടങ്ങളിൽ നിന്നുള്ള പുതിയ കേസുകൾ ചെന്നൈയിലെ കോയമ്പേട് വിപണിയുമായി ബന്ധമുള്ള വ്യക്തികളാണ്.
ചെന്നൈയിലെ കോയമ്പേട് പച്ചക്കറി, പഴ വിപണിയിൽ വൻതോതിൽ കേസുകൾ പൊട്ടിപ്പുറപ്പെട്ടത് ആന്ധ്രാപ്രദേശിലെ നെല്ലൂർ, ചിറ്റൂർ ജില്ലകളിലെ കേസുകളുടെ എണ്ണത്തിൽ പെട്ടെന്നുള്ള വർദ്ധനവിന് കാരണമായി. ഇതേ തുടർന്ന് പരിശോധന ശക്തമാക്കണമെന്ന് ആരോഗ്യ വകുപ്പിന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.


നൂറുകണക്കിന് കൊറോണ വൈറസ് കേസുകൾ മാർക്കറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഏഷ്യയിലെ ഏറ്റവും വലിയ മൊത്തക്കച്ചവട വിപണികളിലൊന്നായ കൊയാംബെഡു മൊത്ത വിപണി അടച്ചിരിക്കുകയാണ്. ഇത് അയൽ സംസ്ഥാനങ്ങളിലടക്കം വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. ഇതേ തുടർന്ന് തമിഴ്‌നാട് സർക്കാർ കൊവിഡ് മുൻകരുതലോടെയുള്ള താത്കാലിക മാർക്കറ്റ് തുറന്നിരിക്കുകയാണ്.