കൊച്ചി: കൊവിഡിന്റെ പശ്ചാത്തലത്തിൽ തൊഴിൽനിയമങ്ങൾ പൊളിച്ചെഴുതാൻ തയ്യാറാകണമെന്ന് സ്റ്റേറ്റ് സ്‌മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. നിലവിലെ വ്യവസ്ഥകൾ പ്രകാരം വ്യവസായികവളർച്ച സാദ്ധ്യമാകില്ലെന്ന് നേതാക്കൾ പറഞ്ഞു.

വ്യവസായ സൗഹൃദമാകുന്നതിന് സംസ്ഥാനത്തെ ഏഴുനിയമങ്ങളും 10 റൂളുകളും ഭേദഗതി ചെയ്തിരുന്നു. പത്തുകോടിവരെ നിക്ഷേപമുള്ള സംരംഭങ്ങൾക്ക് ലൈസൻസും പെർമിറ്റും ഒഴിവാക്കി ഉത്തരവിട്ടിരുന്നു. ആരംഭിച്ച് മൂന്നുമാസത്തിനകം അനുമതി വാങ്ങിയാൽ മതി. ഇത് നിലനിൽക്കെ ഒരാഴ്ചക്കകം അനുമതി നൽകുമെന്ന സർക്കാർ ഉത്തരവ് ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്.

പുതിയ സംരംഭകരെ ആകർഷിക്കാൻ രാജസ്ഥാൻ, ഗുജറാത്ത്, മദ്ധ്യപ്രദേശ്, പഞ്ചാബ്, ഒഡിഷ, കർണാടകം സംസ്ഥാനങ്ങൾ നിയമങ്ങൾ പൊളിച്ചെഴുതി. ചൈനയിൽ നിന്നുൾപ്പെടെ നിക്ഷേപം ആകർഷിക്കുകയാണ് ലക്ഷ്യം. ഇതേ മാതൃകയിൽ നിയമങ്ങൾ പരിഷ്കരിക്കണമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി എ. നിസാറുദ്ദീൻ നിവേദനത്തിൽ ആവശ്യപ്പെട്ടു.