വഴക്കായാലും തർക്കമായാലും എതിരാളിയെ മലർത്തിയടിക്കാൻ ചിലർ പ്രയോഗിക്കുന്ന തന്ത്രമാണ് അസഭ്യം. മുമ്പൊക്കെ നേർക്കു നേരെ വിളിച്ചിരുന്ന പച്ചത്തെറി ഇന്ന് സോഷ്യൽ മീഡിയയിലെ പോസ്റ്റുകളിലും കമന്റുകളിലും ഒരു മടിയുമില്ലാതെ വിളമ്പുകയാണ് ഇക്കൂട്ടർ. എതിരാളിയെ തർക്കിച്ചു തോൽപിക്കാൻ കഴിയാതെ വരുമ്പോഴോ തന്റെ വാദങ്ങൾക്ക് ശക്തി പോരെന്നു തോന്നുമ്പോഴോ തെറി പ്രയോഗിക്കുന്നത് മനശാസ്ത്രപരമായ പ്രശ്നമാണ്. എന്നാൽ ഇതൊരു സാമൂഹ്യ പ്രശ്നമായി വളർന്നു വരികയാണെന്ന് കേരള ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നു. പരസ്പരം തെറിവിളിച്ചു സോഷ്യൽ മീഡിയയിൽ കൊമ്പു കോർക്കുന്നവരെ നിലയ്ക്കു നിറുത്താൻ എന്തു ചെയ്യാൻ കഴിയുമെന്ന് ചോദിക്കാൻ വരട്ടെ. സർക്കാർ ഇതിനായി നിയമ നിർമ്മാണം നടത്തണമെന്നാണ് ഹൈക്കോടതി അഭിപ്രായപ്പെട്ടത്. സോഷ്യൽ മീഡിയയിൽ തെറിവിളി നടത്തുന്നവരെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ അതു നിയമ വാഴ്ചയുടെ അന്ത്യമാണെന്ന് സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടുന്നു. ഒരാൾ സോഷ്യൽ മീഡിയയിലൂടെ അസഭ്യം പറഞ്ഞാൽ അതിനെതിരെ പരാതി നൽകി നിയമപരമായ നടപടിയെടുക്കാൻ കഴിയും. എന്നാൽ ഇതിനു തുനിയാതെ കൂടുതൽ മോശമായ വാക്കിൽ മറുപടി നൽകുന്ന പ്രവണതയാണ് നിലവിലുള്ളത്. ഇത്തരക്കാർക്കെതിരെ കേസെടുത്ത് നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയാണ് വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു.
മലയാളിയുടെ അസഭ്യമാനിയ
സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരവും അശ്ളീലവുമായ പരാമർശങ്ങൾ നടത്തുന്നതിനെതിരെ പല കേസുകളും മുമ്പ് ഹൈക്കോടതിയിൽ വന്നിട്ടുണ്ട്. ഇൗ കേസുകളിൽ സാഹചര്യങ്ങളും നിയമവും വിലയിരുത്തി നടപടികളുമുണ്ടായിട്ടുണ്ട്. ഇത്തരം പരാതികൾ കൂടി വരുന്ന സാഹചര്യത്തിലാണ് നിയമ നിർമ്മാണമെന്ന ആശയം ഹൈക്കോടതി മുന്നോട്ടു വെക്കുന്നത്. ഒരു ഒാൺലൈൻ മീഡിയയിലെ വാർത്ത അവതാരക സോഷ്യൽ മീഡിയ പ്ളാറ്റ് ഫോമിൽ തെറി പറഞ്ഞെന്ന പരാതിയിൽ അടുത്തിടെ പത്തനംതിട്ട പൊലീസ് കേസെടുത്തിരുന്നു. ഇൗ കേസിൽ ജാമ്യം തേടി വാർത്താ അവതാരക നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിയമ നിർമ്മാണത്തിന്റെ സാദ്ധ്യത പരിശോധിക്കാൻ നിർദ്ദേശിച്ചത്. ഹർജിക്കാരി പറഞ്ഞ കുറേ വാചകങ്ങൾ ജുഡിഷ്യൽ ഒാർഡറിന്റെ ഭാഗമായി ചേർത്തിട്ടുമുണ്ട്. ഇതിൽ ചില വാക്കുകൾ ഒരു ജുഡിഷ്യൽ ഒാർഡറിൽ അച്ചടിക്കാൻ കഴിയാത്തതാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
നിയമ നിർമ്മാണത്തിലൂടെ സോഷ്യൽ മീഡിയയിലെ തെറിവിളി അവസാനിപ്പിക്കണമെന്ന് പറയുമ്പോൾ എങ്ങനെയെന്ന ചോദ്യം പ്രസക്തമാണ്. സോഷ്യൽ മീഡിയയിലെ തെറിവാക്കുകളിൽ പലതും വ്യംഗ്യാർത്ഥത്തിലാണ് തെറിയായി പരിണമിക്കുന്നത്. സാഹചര്യത്തിനനുസരിച്ച് ദ്വയാർത്ഥം ലഭിക്കുന്ന വാക്കുകൾ കൃത്യമായി പ്രയോഗിക്കുന്ന പതിവ് സോഷ്യൽ മീഡിയയിലുണ്ട്. ഇത്തരം വാക്കുകൾ അശ്ളീലത്തിന്റെ പരിധിയിൽ കൊണ്ടുവരാൻ നിയമനിർമ്മാതാക്കൾ തല പുകയ്ക്കേണ്ടി വരും.
റാസ്കൽ എന്ന വാക്ക്
സോഷ്യൽ മീഡിയയിലെ തെറി നിയന്ത്രിക്കാൻ നിയമമുണ്ടാക്കണെമന്ന് ഹൈക്കോടതി പറയുമ്പോൾ തന്നെ മുമ്പു പല കേസുകളിലും പ്രതികൾ ഉപയോഗിച്ച വാക്കുകൾ തെറിയല്ലെന്ന് ഹൈക്കോടതി അടിവരയിട്ടു പറഞ്ഞ ചരിത്രവുമുണ്ട്. റാസ്കൽ എന്ന വാക്ക് ഇത്തരത്തിലൊന്നാണ്. ഡ്യൂട്ടിയിലുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനെ റാസ്കൽ എന്നു വിളിച്ചെന്നാരോപിച്ച് ഒരു അഭിഭാഷകയ്ക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി 2008 ൽ റദ്ദാക്കിയിട്ടുണ്ട്. നീചൻ, തെമ്മാടി എന്നീ അർത്ഥങ്ങളാണ് റാസ്കൽ എന്ന വാക്കിനുള്ളതെന്നും ഇതൊരു അശ്ളീല വാക്കായി കണക്കാക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കേൾക്കുന്നവരുടെ മനസിൽ അധമ വികാരം ഉണർത്താൻ കഴിയുന്ന വാക്കുകളാണ് അശ്ളീലത്തിന്റെ പരിധിയിൽ വരുന്നതെന്നും തമാശയായും വിരുദ്ധാർത്ഥത്തിലും റാസ്കൽ എന്ന വാക്ക് ഉപയോഗിക്കാറുണ്ടെന്നും ഹൈക്കോടതിയുടെ വിധിയിൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിൽ പറയുന്ന അശ്ളീല പദങ്ങളുടെ നിർവചനത്തിൽ റാസ്കൽ ഉൾപ്പെടില്ലെന്നും ജസ്റ്റിസ് വി. രാംകുമാറിന്റെ വിധിയിൽ വ്യക്തമാക്കിയിരുന്നു.
അതു പച്ചത്തെറിയാണ്
ഒരു സ്വകാര്യ സ്ഥാപനത്തിലെ മേലുദ്യോഗസ്ഥൻ തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതു ചോദ്യം ചെയ്ത ജീവനക്കാരൻ മേലുദ്യോഗസ്ഥനെ നേരിട്ടു കണ്ട് കടുപ്പത്തിൽ നാലു പറഞ്ഞു. പറഞ്ഞതിൽ ഒരു വാക്ക് പ്രശ്നമായി. ഇതു ഹൈക്കോടതിയിലെത്തിയപ്പോൾ വാക്ക് തെറിയല്ലെന്നും തമിഴ്നാട്ടിൽ ഇതിനു മറ്റൊരു അർത്ഥമാണെന്നും ജീവനക്കാരൻ വാദിച്ചു. പക്ഷേ ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല. ജീവനക്കാരൻ മലയാളിയാണ്. മലയാളം നല്ലതുപോലെ അറിയാവുന്ന ഇയാൾക്ക് പറഞ്ഞതു തെറിയാണെന്ന് കൃത്യമായി അറിയാം. രാജ്യത്ത് മറ്റെവിടെങ്കിലും അതൊരു സഭ്യമായ വാക്കായിരിക്കാം. അതുകൊണ്ട് കേരളത്തിലും അതു സഭ്യമായ വാക്കായി കണക്കാക്കണമെന്ന വാദം അംഗീകരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക്കും ജസ്റ്റിസ് അലക്സാണ്ടർ തോമസും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അച്ചടക്ക നടപടി ശരിവെക്കുകയും ചെയ്തു.