കൊച്ചി: മാസ്ക് ധരിക്കാൻ മറക്കരുതെന്ന ബോധവത്കരണവുമായി സിനിമാതാരം പാഷാണം ഷാജിയും സംവിധായകൻ സോഹൻ സീനുലാലും. ഇന്നലെ രാവിലെ പത്തോടെ ഇരുവരും നഗരഹൃദയമായ പെന്റാമേനകയിൽ "മാസ്ക് ധരിക്കൂ, ജീവൻ രക്ഷിക്കൂ" എന്ന പ്ളക്കാ‌ർഡുമേന്തി ബോധവത്കരണത്തിന് മുന്നിട്ടിറങ്ങി. മാസ്ക് വിതരണവും ചെയ്തു. ഇതേ വിഷയത്തിൽ ഇരുവരും ചേർന്ന് തയ്യാറാക്കിയ ഹ്രസ്വചിത്രം കളക്ടർ എസ്. സുഹാസ് അവിടെ പ്രകാശനം ചെയ്തു.

# മാസ്കില്ലാത്തവരെ നോട്ടമിട്ട വില്ലൻ

ഒരു കാർ പാർക്കിംഗ് ഏരിയയിൽ ഒളിച്ചിരിക്കുന്ന വില്ലൻ, കൊവിഡ്-19. അതുവഴി കടന്നുപോകുന്ന മാസ്ക് ധരിക്കാത്ത ആളുകളെ ആക്രമിക്കുന്നു. മാസ്‌ക് ധരിച്ചവരെ വെറുതെ വിടുന്നു. ഒന്നര മിനിറ്റിനുള്ളിൽ മാസ്‌കിന്റെ ഉപയോഗം ഇതിലും ചെറുതായി, അതേസമയം വലിയ സന്ദേശമായി ഒരുക്കുക പ്രയാസം. സോഹൻ സീനുലാൽ സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിൽ വില്ലനും ഒടുവിൽ സന്ദേശം നൽകുന്ന നായകനായും എത്തുന്നത് സാജു നവോദയ അഥവാ പ്രേക്ഷകരുടെ പ്രിയപ്പെട്ട പാഷാണം ഷാജിയാണ്.

# ജനങ്ങൾക്കറിയാം

"എണ്ണൂറോളം മാസ്‌കുമായെത്തിയെങ്കിലും ഇരുന്നൂറോളമേ വിതരണം ചെയ്യേണ്ടി വന്നുള്ളൂ. ഇത് ആളുകളിൽ കൊവിഡ്-19 നെ കുറിച്ച് അവബോധം ഉണ്ടെന്നതിന് തെളിവാണ്. അതേസമയം ഇളവുകൾ കൂടുമ്പോൾ മാസ്‌ക് ഉപയോഗം മറക്കാൻ സാദ്ധ്യതയുണ്ടെന്ന് കണ്ടാണ് ബോധവത്കരണത്തിന് ഇറങ്ങിയത്. ബാക്കിയുള്ള മാസ്‌ക് ആരോഗ്യപ്രവർത്തകർക്ക് വിതരണം ചെയ്യും"

സോഹൻ സീനുലാൽ