കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നികുതിവരുമാനം നിലച്ചതോടെ കൊച്ചി കോർപ്പറേഷൻ കടുത്ത പ്രതിസന്ധിയിൽ. അടുത്തമാസം ജീവനക്കാർക്ക് ശമ്പളത്തിനുപോലും നിർവാഹമില്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. ഇലക്ട്രിസിറ്റി ചാർജ്, ദൈനംദിന ചെലവുകൾ, ബ്രഹ്മപുരം പ്ലാൻറിന്റെ പ്രവർത്തനം തുടങ്ങിയവയ്ക്കെല്ലാമായി ഒരുമാസം 11കോടിരൂപ ചെലവുണ്ട്.

# വരവില്ലാതെ ചെലവുമാത്രം

ഒരു മാസത്തെ ചെലവ് : 11 കോടി

ഈ മാസം ഇതുവരെ നികുതിയിനത്തിൽ ലഭിച്ചത് : 1 കോടി

സമൂഹ അടുക്കളയ്ക്ക് വേണ്ടി ചെലവഴിച്ചത്: 75 ലക്ഷം

നികുതി സമാഹരണത്തിലൂടെ ഈ സാമ്പത്തികവർഷം ലക്ഷ്യമിട്ടത്: 45 കോടി

# സമൂഹ അടുക്കളയും

സ്വന്തം ഫണ്ടിൽ നിന്ന്

അഞ്ചു സമൂഹ അടുക്കളകളാണ് കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിച്ചിരുന്നത്. തനത് ഫണ്ടിൽ നിന്ന് 75 ലക്ഷം രൂപ ഇതിന്റെ നടത്തിപ്പിനായി ചെലവഴിച്ചു. വിദേശത്തുനിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തുന്ന മലയാളികൾക്കായി കോർപ്പറേഷൻ ഇപ്പോൾ ക്വാറന്റൈയിൻ കേന്ദ്രങ്ങൾ നടത്തുന്നുണ്ട്. കച്ചേരിപ്പടി ആശിർഭവനിലെ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ 30 പേരാണ് ഉണ്ടായിരുന്നത്. കുടുംബശ്രീ കാന്റീനിൽ നിന്നാണ് ഇവർക്ക് സൗജന്യമായി ഭക്ഷണം എത്തിക്കുന്നത്. ഒരു പാഴ്സലിന് 30 രൂപയാണ് കോർപ്പറേഷൻ നൽകുന്നത്.

# വരുമാനസ്വപ്നം പൊളിഞ്ഞു

അധികവരുമാനം ലക്ഷ്യമിട്ട് കോർപ്പറേഷൻ നികുതിഘടന പരിഷ്കരിച്ചിരുന്നു.

45 കോടി വരുമാനമാണ് ഇതിലൂടെ പ്രതീക്ഷിച്ചത്.

എന്നാൽ ലോക്ക് ഡൗണായതിനാൽ നികുതി പിരിവ് നടന്നില്ല

തിയേറ്ററുകളിലെ വിനോദനികുതിയും ഇല്ലാതായി

സർവീസ് പെൻഷൻ നൽകിയ ഇനത്തിൽ 100 കോടിയോളം രൂപ സർക്കാർ നൽകാനുണ്ട്.

# കുടിശിക പിരിവ് നടപടി തുടങ്ങി

അഞ്ചു ലക്ഷത്തിന് മീതെ നികുതികുടിശിക വരുത്തിയിട്ടുള്ള വാണിജ്യസ്ഥാപനങ്ങളിൽ നിന്ന് പണം പിരിച്ചെടുക്കാനാണ് തീരുമാനം. ഇതിനുള്ള നടപടികൾ തുടങ്ങി. ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് നോട്ടീസ് അയയ്ക്കുന്നതിന് റവന്യൂ ഇൻസ്‌പക്‌ടർമാരെയും സൂപ്രണ്ടുമാരെയും ചുമതലപ്പെടുത്തി. അടുത്തയാഴ്ച മുതൽ നികുതിസമാഹരണം തുടങ്ങും. കോർപ്പറേഷൻ ഓഫീസിലും സോണൽ ഓഫീസുകളിലും ജനങ്ങൾക്ക് നികുതി അടയ്ക്കാം.

കെ.ആർ. പ്രേമകുമാർ,

ഡെപ്യൂട്ടി മേയർ.