മൂവാറ്റുപുഴ: കൊവിഡ് - 19 പ്രതിരോധ പ്രവർത്തനത്തിന് മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി സംഘടിപ്പിച്ച ടെൻ റുപ്പീസ് ചലഞ്ച് മൂവാറ്റുപുഴ ബ്ലോക്കിൽ വൻ വിജയമായതായി ഡി.വൈ.എഫ്.ഐ അറിയിച്ചു. മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 157 യൂണിറ്റ് കമ്മിറ്റികൾ പത്ത് ദിവസം കൊണ്ട് 1,49,102 രൂപ സംഘടിപ്പിച്ചു. 1413 യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ , 220 മേഖലാ കമ്മിറ്റി അംഗങ്ങൾ, 25 ബ്ലോക്ക് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ യൂണിറ്റുകളിലെ പ്രവർത്തകരിൽ നിന്നും മുൻകാല നേതാക്കളിൽ നിന്നും അനുഭാവികളിൽ നിന്നുമാണ് തുക സമാഹരിച്ചത്. മൂവാറ്റുപുഴ എസ്തോസ് ഭവനിൽ നടന്ന ചടങ്ങിൽ തുകയുടെ ചെക്ക് സി. പി. എം ജില്ലാ സെക്രട്ടറി സി.എൻ മോഹനന് ബ്ലോക്ക് സെക്രട്ടറി അനീഷ് എം. മാത്യു കൈമാറി. സി.പി.എം സംസ്ഥാന കമ്മറ്റി അംഗം ഗോപി കോട്ടമുറിക്കൽ , ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി. എം ഇസ്മയിൽ, പി.ആർ മുരളീധരൻ, ഏരിയാ സെക്രട്ടറി എം. ആർ പ്രഭാകരൻ, ഡി. വൈ. എഫ്. ഐ ബ്ലോക്ക് പ്രസിഡന്റ് ഫെബിൻ പി. മൂസ, ട്രഷറർ എം.എ റിയാസ് ഖാൻ എന്നിവർ പങ്കെടുത്തു.