കൊച്ചി: ലോക്ക് ഡൗൺ ഇളവിൽ എറണാകുളം ജില്ലയിൽ രണ്ടിടത്തൊഴികെ 80 ഗ്രാമ പഞ്ചായത്തുകളിൽ തൊഴിലുറപ്പ് പദ്ധതി പുനരാരംഭിച്ചു. ഇതുവരെ 12,360 തൊഴിൽദിനങ്ങൾ സൃഷ്ടിച്ചു. നിറുത്തിവച്ചിരുന്ന പ്രവൃത്തികൾ ഏപ്രിൽ 25 മുതലാണ് വീണ്ടും തുടങ്ങിയത്.
ജില്ലയിൽ 14 ബ്ലോക്കുകളിലും 82 ഗ്രാമ പഞ്ചായത്തുകളിലുമായി 2,39,052 ലക്ഷം തൊഴിൽകാർഡ് നൽകിയെന്ന് അധികൃതർ അറിയിച്ചു.ഇതിൽ 1,22,959 ലക്ഷം തൊഴിലാളികൾ പങ്കാളികളായി. സാമൂഹികഅകലം, മാസ്‌കുകൾ തുടങ്ങി സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവൃത്തികൾ പുരോഗമിക്കുന്നത്.
മണ്ണ്, ജലസംരക്ഷണം, തരിശുഭൂമി കൃഷിക്കനുയോജ്യമാക്കൽ, മഴക്കാലപൂർവ ശുചീകരണം, മാലിന്യ നിർമ്മാർജ്ജനം, കുളം നിർമ്മാണം, വ്യക്ഷത്തൈ നടീൽ, ആട്ടിൻകൂട്, തൊഴുത്ത്, കോഴിക്കൂട് നിർമ്മാണം തുടങ്ങിയ പ്രവൃത്തികളാണ് ജില്ലയിൽ നടക്കുന്നത്.