കൊച്ചി : ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഹൈക്കോടതി നിർദ്ദേശിച്ച മാർഗ്ഗനിർദേശങ്ങൾ മറികടന്ന് പ്രതിയെ അറസ്റ്റ് ചെയ്ത കുഴൽമന്ദം സബ് ഇൻസ്പെക്ടർക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഹൈക്കോടതി ഉത്തരവായി
ജയിലുകളിൽ കൊവിഡ് വ്യാപനം തടയുന്നതിന് അറസ്റ്റ് പരമാവധി ഒഴിവാക്കാനും, ഏഴ് വർഷംവരെ തടവു ലഭിക്കാവുന്ന കേസുകളിലെ പ്രതികൾക്ക് ജാമ്യം നൽകാനും ഹൈക്കോടതി ഫുൾബെഞ്ച് നിർദേശിച്ചിരുന്നു. പെൺകുട്ടിയെ കടന്നുപിടിച്ചെന്ന കേസിൽ നെന്മാറ ചാത്തമംഗലം സ്വദേശി പ്രസാദിനെ ഇതിനു വിരുദ്ധമായി പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ മുൻകൂർ ജാമ്യംതേടി പ്രതി നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയായിരുന്നു അറസ്റ്റ്. ഗുരുതരമായ കേസുകളിലൊഴികെ അറസ്റ്റുപാടില്ലെന്ന നിർദ്ദേശം മറികടന്ന് അറസ്റ്റ് ചെയ്ത സംഭവത്തിൽ പാലക്കാട് എസ്.പി അന്വേഷണം നടത്തി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് ഉത്തരവ് . ഹൈക്കോടതി തീരുമാനങ്ങൾ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതറിഞ്ഞില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥനു പറയാനാവില്ലെന്നു ഹൈക്കോടതി വിലയിരുത്തി.