# നാട്ടിലേക്ക് മടങ്ങാനാകുന്നില്ല, ഭക്ഷണവുമില്ല
ആലുവ: മഹാശിവരാത്രി വ്യാപാരമേളയ്ക്കെത്തിയ അമ്യുസ്മെന്റ് പാർക്കിലെ കലാകാരന്മാർ ലോക്ക് ഡൗണിനെ തുടർന്ന് ഭക്ഷണമില്ലാതെ ദുരിതത്തിൽ. ഫെബ്രുവരി 21ന് ആരംഭിക്കുന്ന ശിവരാത്രി വ്യാപാരമേള ഒരു മാസമാണ് നീണ്ടുനിൽക്കുക. മൂന്നാഴ്ച പിന്നിടുമ്പോഴേക്കും അമ്യൂസ്‌മെന്റ് പാർക്ക് അവസാനിക്കുകയാണ് പതിവ്. ഇക്കുറി രണ്ടാഴ്ച പിന്നിട്ടതോടെ ആൾക്കൂട്ടങ്ങൾക്ക് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നതോടെ വ്യാപാരമേള അവസാനിപ്പിക്കാൻ നഗരസഭ ഒൗദ്യോഗിക തീരുമാനമെടുത്തു. ഇതോടെയാണ് അമ്യൂസ്മെന്റ് പാർക്കിലെ കലാകാരന്മാർ പ്രതിസന്ധിയിലായത്.
# മുപ്പതോളം കലാകാരന്മാർ ദുരിതത്തിൽ
അമ്യൂസ്‌മെന്റ് പാർക്കിന്റെ പ്രവർത്തനം അവസാനിച്ചിട്ടും ഒന്നര മാസത്തിലേറെയായി മുപ്പതോളം അന്യസംസ്ഥാന കലാകാരന്മാർ മണപ്പുറത്തെ താത്കാലിക തമ്പിൽ തന്നെയാണ് കഴിയുന്നത്. മരണക്കിണർ, തൊട്ടിയാട്ടം, സർക്കസ് തുടങ്ങിയ സാഹസ ഇനങ്ങൾ അവതരിപ്പിക്കുന്ന കലാകാരൻമാരാണ് ഏറെയും. ഒരു മാസത്തെ തറവാടക നഗരസഭക്ക് മുൻകൂറായി നൽകിയാണ് സ്ഥലം കരാറെടുക്കുന്നത്. രണ്ടാഴ്ച മാത്രമാണ് സന്ദർശകരെ ലഭിച്ചത്. നേരത്തെ പ്രവർത്തനം അവസാനിപ്പിച്ചതിനെ തുടർന്നുള്ള നഷ്ടവും നാട്ടിലേക്ക് പോകാനാകാതെ വന്നതിനെ തുടർന്നുള്ള അമിത ചെലവുമെല്ലാം കരാറുകാരനെയും കലാകാരന്മാരെയും കൂടുതൽ ദുരിതത്തിലാക്കി.
# യന്ത്രസാമഗ്രികൾ നശിക്കുന്നു
പാർക്കിലെ യന്ത്രസാമഗ്രികളെല്ലാം വെയിലും മഴയുമേറ്റ് നശിക്കുകയാണ്. വാഹനങ്ങളിലെല്ലാം വള്ളിപ്പടർപ്പുകൾ പടർന്നു. നിത്യചെലവിനായി സർക്കസ് കൂടാരത്തിലെ ഇരുചക്ര വാഹനങ്ങൾ വിൽക്കേണ്ടിവന്നു. ഇനി സാധനസാമഗ്രികൾ നാട്ടിലെത്തിക്കുന്നതിനും ലക്ഷക്കണക്കിന് രൂപ വേണ്ടിവരും.
ബീഹാർ, ഉത്തർപ്രദേശ്, ആസാം, മണിപ്പൂർ, പശ്ചിമബംഗാൾ സ്വദേശികളായ കലാകാരന്മാരാണ് ദുരിതക്കയത്തിലായത്. പലരും കുടുംബസമേതമാണ്. മഴകൂടി കനത്താൽ ഇവരുടെ ജീവിതം കൂടുതൽ ദുരിതപൂർണമാകും.
# ഭക്ഷ്യധാന്യ കിറ്റുകൾ നൽകി
ഇതിനിടെ കലാകാരന്മാരുടെ ദുരിതം മനസിലാക്കിയ ആലുവ താലൂക്ക് പൗരാവകാശ സംരക്ഷണസമിതി പ്രവർത്തകർ ഭക്ഷ്യധാന്യ കിറ്റുകൾ എത്തിച്ചു നൽകി. സംരക്ഷന്ന സമിതി ഭാരവാഹികളായ സാബു പരിയാരത്ത്, ജോൺസൻ മുളവരിക്കൽ, ചാരിറ്റിവിംഗ് കൺവീനർ പി.സി. നടരാജൻ, മുസ്ഥഫ എടയപുറം, റഷീദ് എന്നിവർ പങ്കെടുത്തു.