കൊച്ചി : നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ജോലികൾ മഴക്കാലത്തിനു മുമ്പ് പൂർത്തിയാക്കാനും ഇതിനായി നഗരസഭയും ജില്ലാ ഭരണകൂടവും ആവശ്യമായ ഉത്തരവുകൾ നൽകണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. പേരണ്ടൂർ കനാലിലെ നീരൊഴുക്ക് പുന: സ്ഥാപിച്ച് നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിനഗർ സ്വദേശിനി കെ.ജെ. ട്രീസ ഉൾപ്പെടെ നൽകിയ ഹർജികളിലാണ് സിംഗിൾബെഞ്ചിന്റെ നിർദ്ദേശം. കഴിഞ്ഞ രണ്ടുവർഷവും മഴക്കാലത്ത് കൊച്ചിനഗരം വെള്ളപ്പൊക്കത്തിന്റെ ദുരിതം അനുഭവിച്ചു. ഇത്തവണ കൊവിഡ് രോഗഭീഷണി കൂടിയുള്ള സാഹചര്യത്തിൽ ജില്ലാ ഭരണകൂടവും കൊച്ചി നഗരസഭയും ഉണർന്നുപ്രവർത്തിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഇതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ നിർദ്ദേശിച്ച സിംഗിൾബെഞ്ച് ഹർജികൾ മേയ് 20 ന് വീണ്ടും പരിഗണിക്കാൻ മാറ്റി.