road
അങ്കമാലി മഞ്ഞപ്ര റോഡിൽ തുറവുർ കവലയിൽ ഹൈഡ്രോളിക്ക് കട്ട വിരിച്ചുള്ള നിർമ്മാണംനടക്കുന്നു.ഇവിടേയും കാനയില്ല .

അങ്കമാലി: അങ്കമാലി മഞ്ഞപ്ര റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ച് അടിയന്തിരമായി ഇരുവരങ്ങളിലും കാനകൾ നിർമിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു.4 വർഷമായി പണിമുടങ്ങിക്കിടന്ന ഈ റോഡിന്റെ പുനർ നിർമ്മാണം തുടങ്ങിയത് 4 മാസം മുൻപാണ് .വേണ്ടത്ര ഗൃഹ പാഠം നടത്താതെയും പ്രദേശിക ഭരണകൂടങ്ങളോട് ആലോചിക്കാതെയും ഉദ്യോഗസ്ഥരുടെ താല്പര്യത്തിനനുസരിച്ച് നിർമ്മാണം നടത്തിയതാണ് ഇന്നത്തെ ദുർഗതിക്ക് കാരണമായത്.അങ്കമാലി മഞ്ഞപ്ര റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ച് അടിയന്തിരമായി ഇരുവരങ്ങളിലും കാനകൾ നിർമിക്കണമെന്നാണ് തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വൈ വർഗീസിന്റെആവശ്യം.

#കാന നി​ർമ്മി​ക്കാത്തത് പ്രശ്നം

നിലവിലുണ്ടായിരുന്ന റോഡ് ബി.എം.പി.സി നിലവാരത്തിലാക്കിയുള്ള നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്.റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ സമ നിരപ്പിൽ നിന്നും റോഡ് രണ്ടരയടിയോളം ഉയർന്ന നിലയിലാകും. റോഡ് ഉയരുന്നതുമൂലം റോഡിന് അഭിമുഖമായി നിൽക്കുന്ന കച്ചവട സ്ഥാപനങ്ങളിലും, വീടുകളിലും വലിയ തോതിൽ വെള്ളം ഒഴുകിയെത്തി നാശം വിതക്കും. റോഡ് നിർമ്മാണത്തോടൊപ്പം കാന നിർമ്മാണം നടക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്.

#യാത്രാ തടസമുണ്ടാകും

പഴയ കാന ഉണ്ടായിരുന്നതിന്റെ അടയാളങ്ങൾ ചിലയിടങ്ങളിൽ കാണാമെങ്കിലും ആ കാനകളിലൂടെ പുതിയ സാഹചര്യത്തിൽ വെള്ളം ഒഴുകുകയില്ല. ഇരുവശങ്ങളിലും വലിയ തോതിൽ വെള്ളക്കെട്ടുo ഉണ്ടാകും. അങ്കമാലി-മഞ്ഞപ്ര റോഡിൽ നിന്നുമുള്ള ചെറിയ റോഡുകളുടെ കവാടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളുണ്ടായ ഒറ്റപ്പെട്ട വേനൽമഴയിൽപോലും മൂന്നടിയിലേറെ വെള്ളം ഉയർന്നതിനെ തുടർന്ന യാത്രാതടസം നേരിടുകയുണ്ടായി.