കോലഞ്ചേരി: തല്ക്കാലം മുടിവെട്ടാൻ കട തുറക്കാനാകില്ല. ബാർബർമാർ പൂട്ടു തുറന്നു കത്രികയെടുത്ത് വീടുകളിലേയ്ക്കെത്തി തുടങ്ങി. സംഘടന വീടുകളിൽ പോകുന്നതിനെ അനുകൂലിച്ചില്ലെങ്കിലും ജീവിക്കാൻ വേറെ വഴിയില്ലാത്തതിനാലാണ് മുടി വെട്ട് 'ഹോം ഡെലിവറിയാക്കിയത്'. വീടുകളിൽ മൊട്ടത്തലകൾ ഏറിയെങ്കിലും സൗന്ദര്യം ആസ്വദിക്കുന്നവർ മുടി നീട്ടി വളർത്തിയെങ്കിലും അവരും ബുദ്ധിമുട്ടിലായി. ലോക്ക് ഡൗൺ നിയന്ത്റണങ്ങൾ കഴിഞ്ഞാലും മുടി വെട്ടിൽ നിയന്ത്രണങ്ങൾ തുടരുമെന്നാണ് കരുതുന്നത്.ഇതോടെ ഇപ്പഴെ തന്നെ ട്രയൽ റൺ തുടങ്ങിയെന്നാണ് സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ബ്രാഞ്ചുകളുള്ള പ്രമുഖ ബ്യൂട്ടി പാർലർ ഉടമ പറഞ്ഞത്. ഇക്കാലത്ത് കടമുറികളുടെ വാടക, വൈദ്യുത ബില്ല് തുടങ്ങിയവയുടെ ചെലവ് കണ്ടെത്തുകയാണ് ബാർബർമാർ നേരിടുന്ന വെല്ലുവിളി. കട അടച്ചിട്ട കാലയളവിലും പർക്കും വന്നിരിക്കുന്നത് ഭീമൻ കറന്റ് ബില്ലാണ്. ആകെ ആശ്വാസം വീടുകളിലെത്തി മുടിവെട്ടുമ്പോൾ തലമുടി സംസ്‌കരിക്കുന്നതിന്റെ ബാദ്ധ്യത ഒഴിവായി എന്നതു മാത്രമാണ്.
#മുടി വെട്ടിലും ഹോം ഡെലിവറി
ഒരു ജോലിക്കാരൻ സ്ഥാപനത്തിൽ പരമാവധി 10 പേരുടെ തലമുടി വെട്ടിയിരുന്നിടത്ത് ഇപ്പോൾ ചെയ്യാൻ കഴിയുന്നത് വിരലിൽ എണ്ണാവുന്നത് മാത്രമാണെങ്കിലും വീട്ടിൽ എത്തുന്നതിനാൽ സാധാരണ കടകളിൽ നല്കുന്ന തുകയലിധികം പലരും നല്കുന്നുണ്ടെന്ന് പട്ടിമറ്റത്തെ പ്രമുഖ സലൂൺ ഉടമ പറഞ്ഞു. വീടുകളിലെത്തി മുടിവെട്ടുന്നവർ അവരെത്തുന്ന വാഹനത്തിൽതന്നെ എല്ലാ സജ്ജീകരണങ്ങളോടെയും കർശന നിയന്ത്റണങ്ങളോടെയുമാണെത്തുന്നത്. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകളിലെത്തി മുടിവെട്ടാറില്ല.
#മുടി വെട്ടുന്നത് അതീവ കരുതലോടെ
ഉപഭോക്താവിന്റെ വീട്ടിലെ ടവലും തോർത്തും മാത്രമേ ഉപയോഗിക്കൂ. കത്രിക, ചീപ്പ്, ഇലക്ട്രോണിക് ട്രിമ്മർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ തലമുടി വെട്ടിക്കാനിരിക്കുന്ന ആളിന്റെ മുമ്പിൽ സാനിറ്റൈസ് ചെയ്യും. മാസ്‌കും കൈയ്യുറയും ധരിച്ച്, സാനിറ്റെസർ ഉപയോഗിച്ചുവൃത്തിയാക്കിയ ശേഷമാണ് മുടി വെട്ടുന്നത്. വെട്ടിക്കുന്ന ആളും മുഖാവരണം ധരിക്കണം. ഷേവിങ് നടത്താറില്ല. സ്വന്തമായി ഷേവ് ചെയ്യാൻ നിർദേശിക്കുകയാണ് പതിവ്. വി.ഐ.പി വെട്ടിനും സാമഗ്രികൾ കരുതിയാണ് പോക്ക് ഒറ്റ തവണ ഉപയോഗത്തിനു ശേഷം കളയാവുന്ന കത്രികളും, ചീപ്പും, ടൗവ്വലുകളും, ഷേവിംഗ് സെറ്റും കൂടെയുണ്ട് റേറ്റ് അല്പം കൂടുമെന്നു മാത്രം.