ope
കോയിത്തറ കനാലിലെ ഓപ്പറേഷൻ ബ്രേക്ക് ത്രൂ പ്രവർത്തനങ്ങൾ കളക്‌ടർ എസ്.സുഹാസ് വിലയിരുത്തുന്നു

കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി നടപ്പിലാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കോയിത്തറ കനാലിന്റെ ശുചീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പനമ്പിള്ളിനഗർ, കടവന്ത്ര, കൊച്ചു കടവന്ത്ര പ്രദേശങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരമാകും.

ഇരുപതുകൊല്ലമായി അടഞ്ഞുകിടന്നിരുന്ന കോയിത്തറ കനാൽ പൂർണമായി ശുചീകരിച്ച് വെള്ളം തേവരക്കായലിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. കനാൽ നിറഞ്ഞൊഴുകി മഹാത്മാകോളനിയിൽ കഴിഞ്ഞ പ്രളയകാലത്ത് വെള്ളംകയറി മുങ്ങിയിരുന്നു. കനാൽ നവീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ഡി.ജെ.എസിന്റെ നേതൃത്വത്തിൽ കോളനി നിവാസികൾ പ്രക്ഷോഭം ആരംഭിച്ചിരുന്നു. കോളനി നിവാസികളുടെ ദുരിതം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നാണ് ആഴംകൂട്ടി കനാൽ നവീകരിക്കാൻ ഓപ്പറേഷൻ ബ്രേക്ക് ത്രൂവിൽ ഉൾപ്പെടുത്തിയത്.

# കൽവർട്ട് അടഞ്ഞു

കോയിത്തറ റെയിൽവേ ഓവർബ്രിഡ്‌ജിന് താഴെയുള്ള കൽവർട്ട് പൂർണമായും അടഞ്ഞ അവസ്ഥയിലാണ്. അശാസ്ത്രീയമായി സ്ഥാപിച്ചിരിക്കുന്ന കുടിവെള്ള പൈപ്പുകൾ, കേബിളുകൾ എന്നിവക്ക് പുറമേ പഴയ പാലത്തിന്റെ അവശിഷ്ടങ്ങളും ഇവിടെ ഒഴുക്കിന് തടസമാകുന്നു. ജില്ലാ കളക്ടർ എസ്. സുഹാസ് പ്രദേശം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.

ഓവർബ്രിഡ്‌ജിന് താഴെ ജെറ്റിംഗിലൂടെ വൃത്തിയാക്കാൻ ശ്രമിച്ചെങ്കിലും കോൺക്രീറ്റ് അവശിഷ്ടങ്ങൾ ഇതിന് തടസമായി. തുടർന്ന് പാലത്തിന്റെ കോൺക്രീറ്റ് സ്ലാബുകൾ നീക്കി അവശിഷ്ടങ്ങൾ നീക്കംചെയ്യുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നത് .

# തോടുകളിലെ വെള്ളം കായലിലേക്ക്

നഗരത്തിലെ പ്രധാനതോടുകൾ കേന്ദ്രീകരിച്ചാണ് ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ. നഗരത്തിലെ വെള്ളം പ്രധാനതോടുകളിലൂടെ കായലിലേക്ക് തടസമില്ലാതെ ഒഴുക്കുന്നതിനാണ് ശ്രമം. ഇതിന്റെ ഭാഗമായി തേവര കായൽമുഖം, ചിലവന്നൂർ കായൽ, ചിലവന്നൂർ ബണ്ട് റോഡ്, കാരണകോടം തോട്, ചങ്ങാടംപോക്ക് തോട്, ഇടപ്പള്ളി തോട് എന്നിവയിലെ തടസങ്ങൾ നീക്കുന്നതിനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു.