ആലുവ: മദ്യവർജനമാണ് നയമെന്ന് വാഗ്ദാനം നൽകി അധികാരത്തിലേറിയ എൽ.ഡി.എഫ് സർക്കാർ ജനവഞ്ചകരായി മാറിയെന്ന് മുസ്ലീം ലീഗ് നേതാവ് വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ പറഞ്ഞു. 'മദ്യശാലകൾ തുറക്കരുത്, സമാധാനം തകർക്കരുത്' എന്ന സന്ദേശവുമായി ലഹരി നിർമാർജന സമിതി സംഘടിപ്പിച്ച കരിദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ലോക്ക് ഡൗൺ കാലത്ത് അടച്ചുപൂട്ടിയ മദ്യശാലകൾ സമൂഹത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ വിസ്മരിക്കരുത്. കുറ്റകൃത്യങ്ങൾ കുറഞ്ഞു. മദ്യപാനികളെന്നുപറഞ്ഞ് അകറ്റിനിറുത്തിയ ജീവിതങ്ങൾ ഇന്ന് മദ്യത്തിൽ നിന്നും വിമുക്തരായി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തി. ഇനിയും മദ്യശാലകൾ തുറന്ന് സാമൂഹികാന്തരീക്ഷം കലുഷിതമാക്കാനുള്ള സർക്കാർനീക്കം അപലപനീയമാണ്.
മുസ്ലീംലീഗ് മണ്ഡലം ജനറൽ സെക്രട്ടറി പി.എ. താഹിർ, ടൗൺ ലീഗ് പ്രസിഡന്റ് പി.എ. അബ്ദുസമദ്, അൻസാർ ഗ്രാൻഡ്, സുബൈർ കങ്ങരപ്പടി എന്നിവർ പങ്കെടുത്തു.
അടച്ചിട്ട മദ്യശാലകൾ തുറക്കരുത്, സമാധാനം തകർക്കരുത് എന്നീ മുദ്രാവാക്യമുയർത്തി ലഹരി നിർമ്മാർജന സമിതി കരിദിനമാചരിച്ചു. ആലുവയിൽ മുസ്ലിം യൂത്ത്ലീഗ് ആലുവ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ. അബ്ദുസലാം ഇസ്ലാമിയ, യൂത്ത് ലീഗ് ടൗൺ ട്രഷറർ അൻസാർ ഗ്രാൻഡ്, യൂത്ത് ലീഗ് മണ്ഡലം കൗൺസിൽ അംഗം പി.എം. ബദറുദീൻ, സാനിഫ് അലി എന്നിവർ പങ്കെടുത്തു. ലോക്ക് ഡൗൺ പ്രോട്ടോകോൾ പാലിച്ചായിരുന്നു സമരം.