ആലുവ: ചൂർണ്ണിക്കര കട്ടേപ്പാടത്ത് 34 വർഷത്തിന് ശേഷം നടക്കുന്ന രണ്ടാം പുഞ്ചകൃഷി നാൽക്കാലികൾ നശിപ്പിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നം ഒത്തുതീർപ്പാക്കി. കഴിഞ്ഞ നാലിന് അടയാളം കൂട്ടായ്മ നടത്തിയ നെൽകൃഷി കരിപ്പായി സിറാജിന്റെ പശുക്കളാണ് നശിപ്പിച്ചത്. ഇതേതുടർന്ന് പഞ്ചായത്ത് അധികൃതരുടെ നിർദേശപ്രകാരം പശുക്കളെ പിടിച്ചുകെട്ടി. ഒൻപത് ദിവസങ്ങളായിട്ടും പശുക്കളുടെ ഉടമസ്ഥൻ എത്തുകയോ നഷ്ടങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിയ്ക്കുകയോ ചെയ്തില്ല. ഇത്രയും ദിവസം അടയാളം പ്രവർത്തകരാണ് പശുക്കളെ സംരക്ഷിക്കുകയും തീറ്റയും നൽകിയത്. പഞ്ചായത്ത് കടുത്ത നടപടിയെടുക്കാൻ തീരുമാനിച്ചതോടെ ഉടമ മധ്യസ്ഥരുടെ സാന്നിധ്യത്തിൽ ചർച്ചകൾക്കെത്തി പശുവിനെ തിരികെ കൊണ്ട് പോയി. മേലിൽ ഇത്തരം സംഭവം ആവർത്തിക്കില്ലെന്നും മറിച്ചുണ്ടായാൽ മതിയായ നഷ്ടപരിഹാരം നൽകാമെന്ന് മധ്യസ്ഥർ സമ്മതിക്കുകയും ചെയ്തതോടെയാണ് പ്രശ്നം അവസാനിച്ചത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. ഹാരിസ്, സെക്രട്ടറി ഷാജി, കൃഷി ഓഫീസർ സുധാദേവി, അടയാളം പ്രസിഡന്റ് ടി.എം. അൻസാർ, മനക്കപ്പറമ്പിൽ ഷെമീർ, തച്ചവള്ളത്ത് നവാബ് എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.