തൃക്കാക്കര: കെ.എസ്.ഇ.ബിയുടെ കോതമംഗലം ഭൂതത്താൻകെട്ട് പ്രൊജക്ടിൽ തൊഴിലെടുക്കുന്ന അതിഥി തൊഴിലാളികൾക്ക് വേതന കുടിശിക നൽകി. പശ്ചിമബംഗാളിൽ നിന്നുള്ള 18 തൊഴിലാളികൾ ഉൾപ്പെടെയാണ് ഇവിടെ പണിയെടുക്കുന്നത്. ബംഗാളിലേക്ക് പോകാൻ ട്രെയിൻ ഉണ്ടെന്ന് സന്ദേശം ലഭിച്ച ഇവർ നാട്ടിലേക്ക് പോകാൻ വേതന കുടിശിക നൽകണമെന്നാവശ്യപ്പെട്ട് റോഡിൽ പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. തഹസിൽദാർ, പൊലീസ് എന്നിവരിൽ നിന്ന് പ്രശ്‌നം സംബന്ധിച്ച് വിവരം ലഭിച്ചതിനെതുടർന്ന് അസിസ്റ്റന്റ് ലേബർ ഓഫീസർ ബിനീഷ് കുമാർ തഹസിൽദാർ, പൊലീസ്, കെ.എസ്.ഇ.ബി വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ കോൺട്രാക്ടറുമായി ചർച്ച നടത്തി തൊഴിലാളികൾക്കു കുടിശിക തുക 145000 രൂപ നൽകുകയായിരുന്നു. സ്വദേശത്തേക്ക് മടങ്ങാനാഗ്രഹിക്കുന്നവരെ ട്രെയിൻ സർവീസ് അനുവദിക്കുന്ന മുറയ്ക്ക് മാത്രമേ കയറ്റിവിടാനാകൂ . അതുവരെ ജോലിയിൽ തുടരാനും പൊതുസ്ഥലത്ത് കൂട്ടമായി ഇറങ്ങി പ്രശ്‌നങ്ങൾ ഉണ്ടാക്കരുതെന്നും നിർദേശിച്ചു. തൊഴിലാളികളെ അവരുടെ ഭാഷയിൽ ബോധവത്കരണവും നടത്തിയാണ് ഉദ്യോഗസ്ഥർ മടങ്ങിയത്. ദുരിത കാലത്ത് സഹായത്തിനെത്തിയ ഉദ്യോഗസ്ഥരോട് തൊഴിലാളികൾ നന്ദി അറിയിച്ചു.