നെടുമ്പാശേരി: വ്യാപാരി ക്ഷേമബോർഡിൽ നിലവിലുള്ള പ്രതിസന്ധികൾ പരിഹരിച്ച് പെൻഷൻ വിതരണവും മറ്റ് ആനുകൂല്യങ്ങളും സുഗമമാക്കുന്നതിനായി എറണാകുളത്ത് സോണൽ ഓഫീസ് അനുവദിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ് ആവശ്യപ്പെട്ടു. ക്ഷേമബോർഡിൽ അംഗത്വമുള്ള ജില്ലയിലെ വ്യാപാരികൾക്കുള്ള പെൻഷൻ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നെടുമ്പാശേരിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പെൻഷൻ കുടിശികയുള്ള 400 വ്യാപാരികൾക്ക് ലഭിച്ച 5000 രൂപ വീതമുള്ള പെൻഷൻ തുകയാണ് വിതരണം ചെയ്തത്. ജില്ലയിൽ ഏകോപനസമിതി അംഗത്വമുള്ള 1500 വ്യാപാരികൾക്കാണ് പെൻഷൻ ലഭിക്കുന്നത്. ഇതിൽ കുടിശികക്കാരായ 500 വ്യാപാരികൾക്ക് ഇനിയും 5000 രൂപ വീതം പെൻഷൻ ലഭിക്കാനുണ്ട്. ഇതര പെൻഷൻകാർക്ക് ക്ഷേമബോർഡിൽ ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ചിരുന്നു. എന്നാൽ വ്യാപാരിക്ഷേമബോർഡിൽ മാത്രം ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കാത്തതാണ് പെൻഷൻ വിതരണത്തിൽ കാലതാമസം വരുത്തുന്നത്. ഇതിനു പരിഹാരമായാണ് കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽ സോണൽ ഓഫീസ് അനുവദിക്കണമെന്ന് നേരത്തെമുതൽ സംഘടന ആവശ്യപ്പെട്ടത്. ജില്ലാ വൈസ് പ്രസിഡന്റ് സി.പി. തരിയൻ അദ്ധ്യക്ഷനായിരുന്നു.
മേഖലാ ജനറൽ സെക്രട്ടറി കെ.ബി. സജി, ട്രഷറർ ഷാജു സെബാസ്റ്റ്യൻ, സുബൈദ നാസർ, പി.കെ. എസ്‌തോസ്, കെ.ജെ. ഫ്രാൻസിസ്, ടി.എസ്. മുരളി എന്നിവർ പ്രസംഗിച്ചു.