കൊച്ചി : വിദേശ രാജ്യങ്ങളിൽ നിന്നും അന്യ സംസ്ഥാനങ്ങളിൽ നിന്നും തൊഴിൽ നഷ്ടപ്പെട്ട് തിരികെയെത്തുന്നവർ ഇനി നിരാശരാകണ്ട. അവർക്ക് മികച്ച തൊഴിൽ പരിശീലനങ്ങളും തൊഴിൽ സാധ്യതകളും ഒരുക്കുകയാണ് ഉണർവ് സുസ്ഥിര അതിജീവന പദ്ധതി . പിറവം എം.എൽ. എ അനൂപ് ജേക്കബിന്റെ ഈ പദ്ധതി ഏറെ ശ്രദ്ധേയമാകുകയാണ്.
#പരിശീലനം
പൊതുവായും അപേക്ഷകരുടെ ആവശ്യമനുസരിച്ച് പ്രത്യകമായും പരിശീലനം നൽകും. നൈപുണ്യ വികസന പരിശീലനങ്ങളും തൊഴിൽ ക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള ഓറിയന്റേഷൻ പ്രോഗ്രാമുകളും സംഘടിപ്പിക്കും. പിറവം ടെക്‌നോലോഡ്‌ജിന്റെയും അഗ്രോപാർക്കിന്റെയും നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
# തൊഴിൽ സാദ്ധ്യതകൾ
വിദഗ്‌ദ്ധ / അവിദഗ്‌ദ്ധ തൊഴിലാളികൾക്ക് നൈപുണ്യത്തിന്റെയും തൊഴിൽ പരിചയത്തിന്റെയും അടിസ്ഥാനത്തിൽ കേരളത്തിലെ സ്വകാര്യ വ്യവസായ മേഖലയിലും സർവീസ് മേഖലയിലും തൊഴിൽ കണ്ടെത്തുകയാണ് ലക്‌ഷ്യം. നിർമ്മാണ, സേവന മേഖലകൾ, വ്യവസായ ശാലകളിലെ ജോലികൾ, കാർഷിക യന്ത്രങ്ങൾ പ്രവർത്തിപ്പിക്കൽ, ഹോട്ടൽ,റസ്റ്റോറന്റ് ജോലികൾ, ഓഫിസ്- ക്ളറിക്കൽ ജോലികൾ തുടങ്ങിയവയിലേക്ക് തൊഴിലാളികളെ ആവശ്യമുള്ള സ്ഥാപനങ്ങളുടെ പട്ടിക തയാറാക്കും .പരിശീലനം പൂത്തിയാക്കിയവരെ ഈ സ്ഥാപനങ്ങൾക്ക് പരിചയപ്പെടുത്തും. തൊഴിൽ ഉടമയ്‌ക്ക് ഇന്റർവ്യൂ നടത്തി തൊഴിലാളികളെ റിക്രൂട്ട് ചെയ്‌യുന്നതിനുള്ള അവസരങ്ങളുമൊരുക്കും.
# രജിസ്ട്രേഷൻ എങ്ങനെ
unarvpvm@gmail.com എന്ന ഇ-മെയിൽ വഴി രജിസ്‌ട്രേഷൻ നടത്താം ഉണർവ് എന്ന പേരിൽ മൊബൈൽ ആപ്പ്ളിക്കേഷനും തയാറാക്കിയിട്ടുണ്ട് . വെബ്‌സൈറ്റ് www.unarv.in
# ആർക്കൊക്കെ
പിറവം നിയോജകമണ്ഡലത്തിൽ നിന്നുള്ളവരെ ഉദ്ദേശിച്ചാണ് പദ്ധതിയെങ്കിലും പുരമെ നിന്നുള്ളവർക്കും ഉണർവിൽ പരിശീലനവും തൊഴിലും നേടാം.