ആലുവ: കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവനിൽ പരാതികൾ കെട്ടിക്കിടക്കുന്നതായി പരാതി. 2019ലെ കാറ്റിലും മഴയിലും കൃഷികളും നശിച്ചവർ നഷ്ടപരിഹാരത്തിനായി നൽകിയ അപേക്ഷ ഉൾപ്പെടെ ഓഫീസിൽ കെട്ടിക്കിടക്കുകയാണ്. കൃഷിനാശം സംഭവിച്ച് ഒരു വർഷമായിട്ടും നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. വാഴകൾ ഇൻഷ്വറൻസ് ചെയ്തവർക്കും തുക ലഭിച്ചിട്ടില്ല.

കൃഷിനാശം സംഭവിച്ചവർക്ക് വേഗത്തിൽ നഷ്ടപരിഹാരം നൽകാൻ നടപടിയുണ്ടാക്കണമെന്ന് യൂത്ത് കോൺഗ്രസ് കടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.എ. ഹൈദ്രോസാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്.

കടുങ്ങല്ലൂർ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് കൃഷി ഭവൻ പ്രവർത്തിക്കുന്നത്. പ്രായം കൂടുതലുള്ള കർഷകർക്ക് മുകളിൽ കയറി പരാതി ബോധിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും അതിനാൽ താഴെ ഒഴിഞ്ഞുകിടക്കുന്ന മുറികളിലേക്ക് പ്രവർത്തനം മാറ്റണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.