വൈപ്പിൻ : മുനമ്പം, വൈപ്പിൻ ഹാർബറുകളിൽ നിന്ന് 65 അടി വരെ നീളമുള്ള ബോട്ടുകൾ ഇന്നുമുതൽ മത്സ്യബന്ധനത്തിന് കടലിലേക്ക് ഇറങ്ങും. സർക്കാർ അനുമതി ലഭിച്ചതായി എസ്. ശർമ്മ എം.എൽ.എ അറിയിച്ചു. രജിസ്‌ട്രേഷൻ നമ്പറിലെ ഒറ്റ, ഇരട്ട അക്ക നമ്പറുകളുടെ അടിസ്ഥാനത്തിൽ ക്രമപ്പെടുത്തി ഫിഷറീസ് വകുപ്പ് പാസുകൾ നൽകും. മത്സ്യബന്ധനത്തിനുശേഷം അതാത് ഹാർബറുകളിൽ തിരിച്ചെത്തി ഉദ്യോഗസ്ഥരെ അറിയിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മാജ പി. ജോസ് അറിയിച്ചു.

അതിനിടെ അഞ്ച് മത്സ്യത്തൊഴിലാളികൾ പണിയെടുക്കുന്ന 45 അടി വരെയുള്ള ചെറിയ ബോട്ടുകൾക്ക് ഇന്നലെ മുതൽ ഒറ്റ, ഇരട്ട രജിസ്‌ട്രേഷൻ നമ്പറുകൾ നോക്കാതെ മത്സ്യബന്ധനത്തിന് പോകാമെന്ന് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നുവെങ്കിലും മുനമ്പം ഫിഷറീസ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ പിടിവാശിമൂലം തങ്ങൾക്ക് കടലിൽ പോകാൻ കഴിഞ്ഞില്ലെന്ന് മത്സ്യത്തൊഴിലാളികൾ പരാതിപ്പെട്ടു. കടലിൽ പോകുന്നതിന് ഫിഷറീസ് അതികൃതരുടെ പാസ് വേണമെന്നതിനാൽ ഓഫീസിലെത്തി പാസ് ചോദിച്ചെങ്കിലും ഉത്തരവ് വന്നിട്ടില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയാണുണ്ടായതെന്ന് അവർ പറഞ്ഞു.