കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂവിൽ കൊച്ചി മെട്രോ ഏറ്റെടുത്ത മൂന്നു പദ്ധതികളുടെ നിർമ്മാണം വേഗത്തിലായി. 42 ലക്ഷം രൂപ ചെലവുള്ളതാണ് മൂന്നു പദ്ധതികൾ.
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്, ജവഹർലാൽ മെട്രോ സ്റ്റേഷനുകൾക്ക് സമീപം റോഡിന് കുറുകെ മലിനജല പൈപ്പിടൽ, ആലുവ മുതൽ കലൂർ വരെ റോഡിൽ കാനകളിലേക്ക് വെള്ളം ഒഴുകാൻ സൗകര്യം ഒരുക്കൽ എന്നിവയാണ് ജോലികൾ. ചങ്ങമ്പുഴ പാർക്കിലെ പണി അന്തിമഘട്ടത്തിലാണ്. കാനകളിൽ വെള്ളം ഒഴുക്കാനുള്ള ജോലികൾ കളമശേരിക്കും കലൂരിനുമിടയിലും തീരാറായി.
റോഡിൽ വെള്ളക്കെട്ടിന് സാദ്ധ്യതയുള്ള ഭാഗങ്ങളിൽ കൂടുതൽ ജോലികൾ ചെയ്യുമെന്ന് കെ.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ അൽകേഷ് കുമാർ ശർമ്മ അറിയിച്ചു. ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിക്ക് സാങ്കേതികസഹായവും നൽകുന്നുണ്ട്.