തൃക്കാക്കര : തൃക്കാക്കര നഗരസഭയിൽ പൊതുമരാമത്ത് ജോലികളുമായി ബന്ധപ്പെട്ട് ഭരണകക്ഷിയിൽ ഭിന്നിപ്പ് . വാർഡ് സഭയുടെ ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിക്കുന്നതിന്റെ ഭാഗമായി ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിലാണ് വാക്പോരുണ്ടായത്. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അറിയാതെ രണ്ട് അജണ്ടകൾ കൗൺസിലിൽ എത്തിയതാണ് വാക്കേറ്റത്തിന് വഴിവെച്ചത്.
നഗരസഭാ സ്റ്റേഡിയത്തിൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിന് ഒൻപതുലക്ഷം രൂപയും പൊലീസ് സ്റ്റേഷൻ കൊല്ലംകുടിമുഗൾ റോഡ് ബി എം.ബി.സി നിലവാരത്തിൽ നിർമ്മിക്കുന്നതിന് പതിനാലുലക്ഷം രൂപയും ചെലവഴിക്കുന്നതിനുള്ള അനുമതിക്കായി കൗൺസിലിൽ അജണ്ടയായി എത്തിയപ്പോൾ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജോ ചിങ്ങംതറ എതിർത്തു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അറിയാതെയാണ് ഇത് അജണ്ടയിൽ എത്തിയതെന്നും കമ്മിറ്റിയിൽ ചർച്ച ചെയ്തശേഷമേ കൗൺസിലിൽ ചർച്ചചെയ്യാവൂ എന്ന് ജിജോ ആവശ്യപ്പെട്ടു. എന്നാൽ ഭരണപക്ഷ കൗൺസിലർ സി.എ നിഷാദ് ഇതിനെ എതിർത്ത് രംഗത്തുവന്നത് വാക്കേറ്റത്തിൽ കലാശിച്ചു. തുടർന്ന് പൊതുമരാമത്ത് നിർമ്മാണങ്ങളുടെ വിഷയങ്ങൾ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ചർച്ച ചെയ്ത ശേഷം കൗൺസിൽ ചർച്ച ചെയ്‌താൽ മതിയെന്ന് പറഞ്ഞ് അഡ്വ. സലിമിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം രംഗത്തെത്തിയതോടെ രണ്ട് അജണ്ടകളും ചെയർപേഴ്സൻ ഉഷാ പ്രവീൺ മാറ്റിവെച്ചു. അതോടെ പ്രതിഷേധം തത്കാലം കെട്ടടങ്ങി.