കൊച്ചി: ജില്ലയിലെ 546 ഷാപ്പുകളിൽ ഇന്നലെ തുറന്നത് 75 മാത്രം. ഒരു മണിക്കൂറിനകം കള്ള് തീർന്നു. പനങ്കള്ളാണ് കൂടുതൽ വിറ്റത്. പാലക്കാടൻ കള്ള് ലഭിക്കാത്തതും ലൈസൻസ് നടപടികൾ പൂർത്തിയാകാത്തതുമാണ് ഷാപ്പുകളിൽ ഭൂരിപക്ഷവും തുറക്കാതിരിക്കാൻ കാരണം.

ലോക്ക് ഡൗണിന് ശേഷം ഇന്നലെയാണ് കള്ള് ഷാപ്പുകൾ തുറന്നത്. വിദേശമദ്യ വില്പനശാലകളും ബാറുകളും തുറക്കാത്ത സാഹചര്യത്തിൽ ഷാപ്പുകൾ തുറന്നത് മദ്യപാനികൾ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. രാവിലെ ഒൻപതിന് തുറക്കും മുമ്പേ ഷാപ്പുകൾക്ക് മുമ്പിൽ ആവശ്യക്കാർ എത്തിയെങ്കിലും ഭൂരിപക്ഷത്തിനും നിരാശയായിരുന്നു ഫലം. തുറന്നവയിൽ പെട്ടെന്ന് കള്ള് തീർന്നു. ഒന്നരലിറ്റർ വീതമാണ് സാമൂഹ്യ അകലം പാലിച്ച് ക്യൂനിന്നവർക്ക് ലഭിച്ചത്. തുറന്ന ഷാപ്പുകൾ എക്സൈസ് പരിശോധിച്ചു.

പാലക്കാടൻ കള്ള് കൊണ്ടുവരാൻ കഴിയാത്തതാണ് വില്പനയെ ബാധിച്ചത്. കള്ള് കൊണ്ടുവരാൻ വാഹനങ്ങൾ പോയെങ്കിലും പലർക്കും പെർമിറ്റ് ലഭിച്ചില്ല. ചെത്ത് മുടങ്ങിയതിനാൽ പൂർണതോതിൽ ഉത്പാദനവും നടന്നിട്ടില്ല. പത്തു ദിവസമെങ്കിലും വേണ്ടിവരും സാധാരണ നിലയിലെത്താനെന്ന് ഷാപ്പ് ലൈസൻസികൾ പറഞ്ഞു.

റേഞ്ച്, തുറന്ന ഷാപ്പുകൾ

കാലടി 10

ആലുവ 20

അങ്കമാലി 28

വരാപ്പുഴ 7

പറവൂർ 1

എറണാകുളം 9

# നടപടി വേഗത്തിലാക്കണം

മുഴുവൻ ഷാപ്പുകൾക്കും ലൈസൻസ് വേഗത്തിൽ അനുവദിക്കാനും കള്ള് കൊണ്ടുവരാൻ പെർമിറ്റ് നൽകാനും എക്സൈസ് വകുപ്പ് അടിയന്തരനടപടി സ്വീകരിക്കണം

എ.ബി. ഉണ്ണി

കള്ള് ഷാപ്പ് ലൈസൻസി അസോസിയേഷൻ