കൊച്ചി: കൊവിഡ് പ്രതിസന്ധി മറികടക്കാൻ നരേന്ദ്രമോദി സർക്കാർ പ്രഖ്യാപിച്ച 20 ലക്ഷം കോടിയുടെ ആത്മ നിർഭര ഭാരത അഭിയാൻ പാക്കേജ് ലോകത്തിന് മാതൃകയാണെന്ന് ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഈ ദുർഘടസന്ധിയിൽ ഇന്ത്യയെപ്പോലൊരു വികസ്വര രാജ്യത്തിന് സമസ്തമേഖലകൾക്കും സമാശ്വാസം പകരുന്ന പദ്ധതികൾക്ക് രൂപം നൽകാനായത് അഭിമാനമാണ്.
ജൻധൻ അക്കൗണ്ടുകളിലൂടെ ഗുണഭോക്താവിലേക്കെത്തുന്ന സഹായ പദ്ധതികൾ സ്വാഗതാർഹമാണ്. പദ്ധതിയുടെ ആനുകൂല്യങ്ങൾ പരമാവധി നേടിയെടുക്കാൻ കേരള സർക്കാർ ആത്മാർത്ഥമായി ശ്രമിക്കണം. കാർഷിക, പരമ്പരാഗത തൊഴിൽമേഖലയ്ക്കും ചെറുകിട വ്യവസായങ്ങൾക്കും മടങ്ങിയെത്തുന്ന പ്രവാസികൾക്കും ഉണർവേകുന്ന സഹായപദ്ധതികൾക്ക് രൂപം നൽകണം. കൊവിഡ് നിയന്ത്രണത്തിന് കേന്ദ്ര,സംസ്ഥാന സർക്കാരുകൾ കൈകോർത്തതുപോലെ പുനരുദ്ധാരണ പദ്ധതികളും കാര്യക്ഷമമായി നടപ്പാക്കാൻ രാഷ്ട്രീയം മറന്ന് ഒന്നിച്ചുനിൽക്കണം. കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനം കൈവരിച്ച നേട്ടം ലോകത്തിന് മാതൃകയാണ്. അതുപോലെ അതിജീവനകാര്യത്തിലും മാതൃകയാകാൻ കഴിയും. മുഖ്യമന്ത്രി പിണറായി വിജയന് അതിനു നേതൃത്വം നൽകാൻ സാധിക്കട്ടെയെന്നും തുഷാർ പറഞ്ഞു.