pic

കൊച്ചി: ന്യൂഡൽഹി- തിരുവനന്തപുരം പ്രത്യേക ട്രെയിനിൽ എത്തുന്ന നാന്നൂറോളം യാത്രക്കാരെ സ്വീകരിക്കാനുള്ള ക്രമീകരണങ്ങൾ ജില്ലയിൽ പൂർത്തിയായി. നാളെ വെളുപ്പിന് ഒരു മണിയോടെ ന്യൂഡൽഹി- തിരുവനന്തപുരം പ്രത്യേക ട്രയിൻ എറണാകുളത്തെത്തും. നാന്നൂറോളം പേർ എത്തുമെന്നാണ് ജില്ലാഭരണ കൂടം പ്രതീക്ഷിക്കുന്നത്. ഇവർക്കായി നാലു മെഡിക്കൽ പരിശോധനാ കൗണ്ടറുകൾ എറണാകുളം സൗത്ത് സ്‌റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. എന്നാൽ ട്രെയിനിൽ വരുന്നവരെല്ലാം നിർബന്ധമായും വീടുകളിൽ ക്വാറൻറീനിൽ കഴിയണം.

അയൽ ജില്ലകളിലേക്കുള്ള യാത്രക്കാർക്കായി കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തും. യാത്രക്കാരിൽ ഇരുനൂറിലധികം പേർ സംസ്ഥാന സർക്കാരിൻറെ ഇ ജാഗ്രത പോർട്ടലിൽ പാസിന് അപേക്ഷിച്ചിട്ടുണ്ട്. അവശേഷിക്കുന്നവർക്ക് പാസ് നൽകുന്നതിനുളള സംവിധാനം സ്റ്റേഷനിൽ തന്നെ ഒരുക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് മന്ത്രി വി.എസ്. സുനിൽകുമാറിന്റെ നേതൃത്വത്തിൽ അവലോകനയോഗം ഇന്നലെ ചേർന്നിരുന്നു. ട്രെയിനിൽ വന്നിറങ്ങുന്ന എല്ലാ യാത്രക്കാർക്കും കൊവിഡ് ലക്ഷണങ്ങളുണ്ടോ എന്ന പരിശോധന നടത്തും. രാഗലക്ഷണങ്ങളുള്ളവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റും. ഗർഭിണികൾ അടക്കമുള്ളവർക്കായി പ്രത്യേക സൗകര്യങ്ങളും സ്റ്റേഷനിലൊരുക്കിയിട്ടുണ്ട്. ട്രെയിനിൽ വന്നിറങ്ങുന്നവർക്ക് സ്വകാര്യ വാഹനങ്ങളിൽ വീടുകളിലേക്ക് പോകാൻ അനുമതിയുണ്ട്.

ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 33 ആണ്.ഇന്ന് ജില്ലയിൽ നിന്നും 43 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 45 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതെല്ലാം നെഗറ്റീവ് ആണ്. ഇനി 50 ഫലങ്ങൾ കൂടി ലഭിക്കുവാനുണ്ട്. ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ 116 ചരക്കു ലോറികൾ എത്തി. അതിൽ വന്ന 91 ഡ്രൈവർമാരുടെയും ക്‌ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 68 പേരെ കൺട്രോൾ റൂമിൽ നിന്നും ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങൾ ഇല്ല.


കൊവിഡ്19 രോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി 372 പേരെ കൂടി കഴിഞ്ഞ ദിവസം എറണാകുളം ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 37 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 2481 ആയി. ഇതിൽ 19 പേർ ഹൈറിസ്‌ക്ക് വിഭാഗത്തിലും, 2462 പേർ ലോ റിസ്‌ക് വിഭാഗത്തിലുമാണ്. 13 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.