renjith
രഞ്ജിത്ത് തൃപ്പൂണിത്തുറ

കൊച്ചി: ലോക്ക് ഡൗണിൽ ഒരുപാട് വേദികൾ നഷ്ടമായെങ്കിലും തോറ്റുകൊടുക്കാൻ തയ്യാറല്ല രഞ്ജിത്ത് തൃപ്പൂണിത്തുറ. വേദിയിൽ കയറി സദസ്യരെ രസിപ്പിക്കാനായില്ലെങ്കിലും തൃപ്പൂണിത്തുറ 'ശ്രീലക്ഷ്മി'യിലിരുന്ന് കലാരൂപങ്ങളെ ആസ്വാദകർക്ക് പകർന്നു നൽകുകയാണ് ഈ പ്രൊഫഷണൽ കഥകളി, ഓട്ടൻ തുള്ളൽ കലാകാരൻ.

തുള്ളൽ സംഗീതവും ശാസ്ത്രീയ സംഗീതവും യോജിപ്പിച്ച് പഠനക്ലാസ് എന്ന ആശയം ഗുരുനാഥനായ കലാമണ്ഡലം പ്രഭാകരനുമായി പങ്കുവച്ചു. ഗുരുവിന്റെ നിർദ്ദേശ പ്രകാരം 'തുള്ളൽ സംഗീത മാധുരി' എന്ന പേരും നിശ്ചയിച്ചു. 21 രാഗങ്ങൾ തിരഞ്ഞെടുത്ത് അതിൽ ഒരു രാഗത്തിൽ വരുന്ന തുള്ളൽ പദങ്ങൾ ചൊല്ലി. ശാസ്ത്രീയ സംഗീതത്തിലെ കീർത്തനങ്ങളും പാടി. ഇവ തമ്മിലുള്ള ബന്ധം പറഞ്ഞും പാടിയും മനസിലാക്കുന്ന വീഡിയോ ചിത്രീകരിച്ചു. ഭാര്യ ജയശ്രീ ചിത്രീകരണത്തിന് സഹായിയായി. ഒരു ദിവസം രണ്ട് രാഗം വീതം പത്ത് മിനിട്ട് നീളുന്ന തുള്ളൽ സംഗീത മാധുരി ഏപ്രിൽ 29 മുതൽ മേയ് 8 വരെ പത്തുദിനങ്ങളിൽ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു.

നാട്ട രാഗത്തിലെ ഗണപതി സ്തുതിയോടെ ആരംഭിച്ച് മദ്ധ്യമാവതി രാഗത്തിൽ മംഗളം പാടിയാണ് അവസാനിപ്പിച്ചത്. കല്യാണ സൗഗന്ധികം,​ കിരാതം, സന്താനഗോപാലം, രാമാനുചരിതം, പുളിന്ദീമോക്ഷം,​ പാഞ്ചാലീ സ്വയംവരം എന്നീ കഥകളിൽ നിന്നാണ് തുള്ളൽ പദങ്ങൾ എടുത്തത്.

ഏഴാം വയസിൽ കഥകളി പഠനം ആരംഭിച്ച രഞ്ജിത്ത് 30 വർഷമായി കലാരംഗത്തുണ്ട്. 15ാം വയസിലാണ് ഓട്ടൻതുള്ളൽ പഠിക്കാൻ തുടങ്ങിയത്. ശാസ്ത്രീയ സംഗീതവും പഠിച്ചു. 2000 ത്തിലെ സംസ്ഥാന കേരളോത്സവത്തിൽ കലാപ്രതിഭയായിരുന്നു. എറണാകുളത്തപ്പൻ നാട്യ പുരസ്‌കാരം, ഏവൂർ ദാമോദരൻ നായർ തുള്ളൽ പുരസ്‌കാരം, ഇല്ലം നിറ 2019 ബഹുമുഖപ്രതിഭക്കുള്ള പുരസ്‌കാരം തുടങ്ങിയവയ്ക്ക് അർഹനായി.

ജപ്പാൻ, ഇംഗ്ളണ്ട്, തായ്‌വാൻ എന്നീ രാജ്യങ്ങളിൽ തുള്ളലും കഥകളിയും അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞ സെപ്തംബറിൽ അമേരിക്കയിൽ ഓട്ടൻ, ശീതങ്കൻ, പറയൻ തുള്ളലും അവതരിപ്പിച്ചിരുന്നു.

2008 മുതൽ ചേപ്പനം ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിറിൽ ആക്ടിവിറ്റി കോ ഓർഡിനേറ്റർ കൂടിയാണ് . മകൾ മീനാക്ഷി.