മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ സഹായത്തോടെ പായിപ്ര ഏ.എം.ഇബ്രാഹിം സാഹിബ് മെമ്മോറിയൽ ലൈബ്രറിയിൽ പ്രവർത്തിക്കുന്ന ഗുരുസംഗമം പദ്ധതിയിൽപ്പെടുത്തി മുഖമേതായാലും മാസ്ക്ക് നിർബന്ധമെന്ന പരിഷ്ക്കരിച്ച പദ്ധതിക്ക് തുടക്കമായി. കൊവിഡ് -19 നെ പ്രതിരോധിക്കുവാൻ സർക്കാർ നിർദ്ദേശിക്കുന്ന മുഖാവരണം ധരിക്കലും കൈകഴുകൽ പദ്ധതിയും ലൈബ്രറി പ്രവർത്തന പരിധിയിൽ നടപ്പിലാക്കുകയെന്നതാണ് ലക്ഷ്യമാക്കുന്നത്. ഇതിനായി 60 വയസ് കഴിഞ്ഞ ലൈബ്രറി പ്രവർത്തന പരിധിയിലെ എല്ലാവർക്കും ഒരു ബോട്ടിൽ സാനിറ്റൈസറും മാസക്കും നൽകുകയാണ്. കൂടാതെ വീടുകൾ സന്ദർശിക്കുന്ന ലൈബ്രറി പ്രവർത്തകർ വീട്ടുകാർക്ക് മൂന്ന് മാസ്ക്ക് വീതം നൽകുന്നതോടൊപ്പം ബോധവത്കരണവും നൽകുന്നു. പദ്ധതിയുടെ ഉദ്ഘാടനം ലൈബ്രറിഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ സംസ്ഥാന ലൈബ്രറികൗൺസിൽ മെമ്പർ ജോഷി സ്ക്കറിയ ഗുരുസംഗമത്തിലെ അംഗമായ ലീലക്ക് മാസ്ക്കും സാനിറ്റൈസറും നൽകി നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് എം.കെ. ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എസ്. ശ്രീധരൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പായിപ്ര കൃഷ്ണൻ, വാർഡ് മെമ്പർ അശ്വതിശ്രീജിത്, ജില്ലാ ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി സി.കെ.ഉണ്ണി, എക്സിക്യൂട്ടീവ് മെമ്പർ കെ.പി. രാമചന്ദ്രൻ, ഗുരുസംഗമം കോ- ഓഡിനേറ്റർ ഇ.എ. ഇബ്രാഹിം, കമ്മറ്റിഅംഗങ്ങളായ ഇ. എ. ബഷീർ, എ.പി.കുഞ്ഞ് , പി.എ. ബിജു എന്നിവർ സംസാരിച്ചു.