കോലഞ്ചേരി: കൊവിഡുകാലത്ത് കഷ്ടത്തിലായ സ്വകാര്യ സെക്യൂരിറ്റിക്കാരുടെ ജീവിതം ഒരു മാറ്റവുമില്ലാതെ തുടരുന്നു. ലോക്ക് ഡൗൺ കാലത്ത് ഉടമകളോ ജീവനക്കാരോ ആരുമെത്തിയില്ലെങ്കിലും സ്ഥാപനങ്ങളുടെ മുന്നിൽ ഇവർ ഹാജരുണ്ട്. തുറന്ന സ്ഥാപനങ്ങളിലാകട്ടെ വേണ്ടത്ര കൊവിഡ് പ്രതിരോധ സംവിധാനങ്ങളില്ലാതെ ഒരു സെക്യൂരിറ്റിയുമില്ലാത്ത തരത്തിലാണ് ജോലി.
യാത്രാസൗകര്യം ഇല്ലാത്തതിനാൽ മിക്കവരും ഉൗണും ഉറക്കവും കാവൽ നിൽക്കുന്ന സ്ഥാപനങ്ങളോട് ചേർന്നുതന്നെ. വൻകിട സെക്യൂരിറ്റി ഏജൻസികൾ സ്വന്തം വാഹനങ്ങളിൽ ജീവനക്കാരെ എത്തിക്കും. ഭക്ഷണവും നൽകും. അല്ലാത്തവരുടെ ജീവിതമാണ് കഷ്ടത്തിലായത്.
ചിലയിടത്ത് സമൂഹഅടുക്കളകളിൽ നിന്നും ഭക്ഷണം ലഭിച്ചിരുന്നു. അടുക്കള നിർത്തിയതോടെ ഗതികേടിലായി പലരും.
പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കേണ്ട ചുമതല സെക്യൂരിറ്റിക്കാർക്കാണ്. കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം പേരും 50 മുതൽ പ്രായമുള്ളവരാണ്. വേണ്ടത്ര സുരക്ഷാ ഏർപ്പാടുകളില്ലാതെയാണ് ഇവർ ജനങ്ങളുമായി ഇടപെടുന്നത്.
ജീവിക്കാൻ മറ്റു മാർഗങ്ങളില്ലാതെ ഈ പണി തിരഞ്ഞെടുത്തവരാണധികവും. സുരക്ഷ ഭീതിയിൽ പണി ഉപേക്ഷിച്ചാൽ കുടുംബം പട്ടിണിയിലാകും എന്നുള്ളതിനാൽ പണി തുടരുകയാണിവർ.
#സുരക്ഷിതരല്ലാതെ സെക്യൂരിറ്റിക്കാർ
ദിവസവും 15 മുതൽ 18 മണിക്കൂർ വരെ പകൽ ചൂടും, രാത്രി കൊതുകുശല്യം സഹിച്ചും ജോലി നോക്കുന്ന ഇവർക്ക് ലഭിക്കുന്നത് 8000-15000 രൂപ വരെ. ഇതിൽ ഏജൻസി കമ്മീഷനും പോകും.
ബാങ്ക് എ.ടി.എമ്മുകളിൽ നില്ക്കുന്നവർ കൊവിഡ് പ്രതിരോധ മാർഗങ്ങൾ സ്വയം കണ്ടെത്തണം. മാസ്ക്കോ, സാനിറ്റൈസറോ ഏജൻസികൾ ലഭ്യമാക്കിയില്ല. ഉപഭോക്താക്കൾക്കായി വച്ച സാനിറ്റൈസർ എടുക്കുന്നതിനും വിലക്കുണ്ട്. നൂറുകണക്കിന് ആളുകൾ വന്നു പോകുന്ന എ.ടി.എമ്മുകൾക്കുള്ളിൽ രാത്രി ഇരിക്കുന്നതും ഒരു സുരക്ഷ മുൻ കരുതൽ പോലുമില്ലാതെയാണ്.
#സുരക്ഷനോക്കാൻ ആളില്ല
ഫ്ളാറ്റുകളിൽ പ്രവേശിക്കുന്നവരെ തെർമൽ സ്കാൻ ചെയ്തു വേണം ഗേറ്റ് കടത്തി വിടാൻ. ഇവർക്കുള്ള സുരക്ഷയെ കുറിച്ച് ഫ്ളാറ്റുടമകളോ, റെസിഡന്റ്സ് അസോസിയേഷനുകളോ ശ്രദ്ധിക്കാറില്ല. കൊവിഡ് ഭീതിയിൽ ലിഫ്റ്റ് പ്രവർത്തിപ്പിക്കുന്നത് ഇവരുടെ ചുമലിലാക്കി. റയിലുകൾ, കൈവരികൾ, കൈപ്പിടികൾ എന്നിവ പൊതു ജനങ്ങൾ ഉപയോഗിക്കുന്നത് പരമാവധി കുറക്കാനാണിത്.