കൊച്ചി: കൊവിഡ് പ്രതിസന്ധി മൂലം തൊഴിൽ നഷ്ടപ്പെട്ടും മറ്റും കുടുംബസമേതമെത്തുന്ന പ്രവാസികളുടെ മക്കൾക്ക് തുടർ പഠനത്തിന് എയ്ഡഡ്, സി.ബി.എസ്.ഇ സ്കൂളുകൾ സൗകര്യമൊരുക്കും. ഫീസ് ഇളവുൾപ്പെടെ ഇവർക്കായി പ്രത്യേക പദ്ധതി തയ്യാറാക്കും.
വിദേശ രാജ്യങ്ങളിൽ നിന്ന് നാലു ലക്ഷവും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് രണ്ടുലക്ഷവും മലയാളി കുടുംബങ്ങൾ തിരിച്ചെത്തുമെന്നാണ് നിഗമനം. പഠനം സംബന്ധിച്ച് പ്രവാസികൾ ബന്ധപ്പെടുന്നുണ്ടെന്ന് വിവിധ മാനേജ്മെന്റ് അധികൃതർ പറഞ്ഞു.
പ്രവാസികളുടെ മക്കൾക്ക് പഠനാവസരം ഒരുക്കാൻ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ് കേരള തയ്യാറെടുപ്പ് തുടങ്ങി. നോർക്കയുമായി ബന്ധപ്പെട്ടിട്ടുണ്ട്. കുട്ടികളെ സ്വീകരിക്കാൻ കഴിയുന്ന സ്കൂളുകളുടെ പട്ടിക തയ്യാറാക്കിത്തുടങ്ങി. അനുയോജ്യമായ സ്കൂളുകൾ തിരഞ്ഞെടുക്കാൻ അവസരം നൽകും.
തുടർപഠന സൗകര്യമൊരുക്കാൻ കേരള കത്തോലിക്കാ മെത്രാൻസമിതിയും (കെ.സി.ബി.സി) സഭാ സ്ഥാപനങ്ങളോട് നിർദ്ദേശിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഇംഗ്ളീഷ് മീഡിയം, എയ്ഡഡ് സ്കൂളുകളിലും എയ്ഡഡ്, സ്വാശ്രയ കോളേജുകളിലും പ്രവേശനത്തിലും ഫീസിലും പ്രത്യേക പരിഗണന നൽകും.
പ്രവേശനത്തിന് അമിതഫീസ് ഈടാക്കില്ല. പഠനഫീസിൽ ഇളവും പ്രത്യേക പരിഗണനയുമുണ്ടാകും.
- ഡോ. ഇന്ദിര രാജൻ,സെക്രട്ടറി ജനറൽ,
ആൾ ഇന്ത്യാ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്കൂൾസ്
ഫീസ് വർദ്ധിപ്പിക്കാതെയും അർഹർക്ക് ഫീസിളവു നൽകിയും പ്രവാസികളുടെ മക്കളെ സഹായിക്കും.
- ബിഷപ്പ് ജോഷ്വാ ഇഗ്നാത്തിയോസ്, വിദ്യാഭ്യാസ കമ്മിഷൻ ചെയർമാൻ,
കെ.സി.ബി.സി