തൃക്കാക്കര : കൊറോണ വൈറസിന് എതിരായ ലോകത്തിന്റെ പോരാട്ടത്തിന് ശക്തിപകർന്ന് രാജഗിരി സ്‌കൂൾ ഓഫ് എൻജിനിയറിംഗ് ആന്റ് ടെക്‌നോളജിയിലെവിദ്യാർത്ഥികൾ. മൂന്നാം വർഷ മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർത്ഥികളായ ഗോകുൽദാസ് വി. ആർ, ജെറിൻ പി. രാജു, ആഷിക് ഫൈസൽ, അശ്വിൻ എസ് നായർ എന്നിവരുടെ നേതൃത്വത്തിൽ മനുഷ്യപ്രയത്‌നമില്ലാതെ അന്തരീഷം അണുവിമുക്തമാക്കുന്നതിനുള്ള 'രക്ഷക് 20' എന്ന മൾട്ടി യൂട്ടിലിറ്റി ഡിസിൻഫെക്ഷൻ റോബോട്ടാണ് പ്രവർത്തന സജ്ജമായത്. കോളേജിലെത്തന്നെ മെക്കാനിക്കൽ വർക്ക്‌ഷോപ്പിലാണ് റോബോട്ട് പൂർണമായും വികസിപ്പിച്ചത്. ആശുപത്രികളിലും, രോഗികളെ പാർപ്പിച്ചിരിക്കുന്ന സ്ഥലങ്ങളിലും ഫയർഫോഴ്‌സും ആരോഗ്യ പ്രവർത്തകരുമാണ് അന്തരീക്ഷം അണുവിമുക്തമാക്കുന്നത്. ഇത് കോവിഡ് 19ന്റെ സമൂഹ വ്യാപനത്തിനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും എന്ന ചിന്തയാണ് വിദ്യാർത്ഥികളെ 'രക്ഷക്20' എന്ന റോബോട്ടിന്റെ നിർമ്മാണത്തിലേക്ക് എത്തിച്ചത്. ഒരു കിലോമീറ്റർ ദൂരപരിധിയിൽ നിന്നുകൊണ്ട് നിയന്ത്രിക്കാൻ സാധിക്കുന്ന ഈ കുട്ടി റോബോട്ടിലൂടെ ഒരേസമയം അന്തരീക്ഷം അണുവിമുക്തമാക്കാനും പരിസരം നിരീക്ഷിക്കാനും, ഭക്ഷണവും മരുന്നും രോഗികൾക്ക് എത്തിച്ചുനൽകി ലൈവ് വീഡിയോ സ്ട്രീമിങ്ങിലൂടെ ആരോഗ്യ പ്രവർത്തകർക്ക് രോഗികളുമായി ആശയ വിനിമയം നടത്തുന്നതിനും സാധിക്കും. 12 വോൾട്ടിന്റെ രണ്ട് ലെഡ് ആസിഡ് ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന 250 വാട്ടിന്റെ രണ്ട് മോട്ടറുകളാണ് റോബോട്ടിന്റെ ചലനം സാദ്ധ്യമാക്കുന്നത്. ഓൾ ടെറൈൻ ട്രാക്ക്, അണുനാശിനി സൂക്ഷിക്കുന്നതിനുള്ള 16 ലിറ്ററിന്റെ ടാങ്ക്, അവശ്യ സാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള പ്രത്യേക യൂണിറ്റുകൾ തുടങ്ങിയവ 'രക്ഷക്20' യുടെ പ്രത്യേകതകളാണ്. പ്രവാസികളെ ക്വാറന്റൈനിൽ പാർപ്പിക്കുന്നതിനായി സജ്ജമാക്കിയിട്ടുള്ള കോളേജിന്റെതന്നെ ഹോസ്റ്റലിൽ സേവനം ഉപയോഗിച്ചുതുടങ്ങി. .കൂടുതൽ വിവരങ്ങൾക്ക് : 9567683959. കോളേജ് ഡയറക്ടർ ഫാ. ഡോ. മാത്യു വട്ടത്തറ സി.എം.ഐ, പ്രിൻസിപ്പൽ ഡോ. പി.എസ് ശ്രീജിത്ത്, മെക്കാനിക്കൽ എൻജിനിയറിംഗ് വിഭാഗം മേധാവി ഡോ. തങ്കച്ചൻ ടി. പുല്ലൻ എന്നിവരുടെ പിന്തുണയോടെ അസി. പ്രൊഫ. വിഷ്ണു ശങ്കർ, വൈസ് പ്രിൻസിപ്പൽ ഡോ. ജോൺ എം. ജോർജ്ജ് എന്നിവർ പദ്ധതിക്ക് നേതൃത്വം നൽകി.