മൂവാറ്റുപുഴ: എൽദോ എബ്രഹാം എം.എൽ.എയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ നിർദ്ധനരായ കരൾരോഗികൾ, കിഡ്‌നി മാറ്റൽ ശസ്ത്രക്രിയക്ക് വിധേയമായവർ, ഹൃദയസമ്പന്ധമായ രോഗികൾ,
ഡയാലിസിസ് ചെയ്യുന്ന രോഗികൾ എന്നിവർക്ക് സഹായമടക്കം മരുന്ന് നൽകുന്നതിന് വേണ്ടി നടപ്പിലാക്കുന്ന മെഡിസിൻ ചലഞ്ച് പദ്ധിയുടെ രണ്ടാംഘട്ട മരുന്ന് വിതരണം ഇന്ന് രാവിലെ 10ന് എം.എൽ.എ ഓഫീസിൽ നടക്കും.
# 60 ഓളം രോഗികൾക്ക് മരുന്ന് വിതരണം
60 ഓളം രോഗികൾക്ക് ഒരു ലക്ഷം രൂപയുടെ മരുന്നുകളാണ് വിതരണം ചെയ്യുന്നത്. മൂവാറ്റുപുഴ മേള, ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ എന്നിവരുടെ സഹകരണത്തോടെയാണ് രണ്ടാം ഘട്ടത്തിലെ മരുന്നു വിതരണം. ഒന്നാം ഘട്ടത്തിൽ 50,000 രൂപയുടെ മരുന്നുകളാണ് വിതരണം ചെയ്തത്. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മരുന്ന് വാങ്ങുന്നതിനായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ബി.പി.എൽ.വിഭാഗത്തിൽ പെട്ട നിർദ്ധന രോഗികൾക്ക് മരുന്ന് എത്തിക്കുന്നതാണ് പദ്ധതി. മരുന്നുകളുടെ വിതരണം എൽദോ എബ്രഹാം എം.എൽ.എ നിർവഹിക്കും. നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ എൻ.അരുൺ മുഖ്യപ്രഭാഷണം നടത്തും. നഗരസഭ വൈസ്‌ചെയർമാൻ പി.കെ.ബാബുരാജ്, മെഡിക്കൽ ഓഫീസർമാർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.മുൻഗണന ക്രമമനുസരിച്ച് ഇവർക്കെല്ലാം മരുന്നുകൾ ലഭ്യമാക്കുമെന്നും എം.എൽ.എ പറഞ്ഞു.