മൂവാറ്റുപുഴ: കഴിഞ്ഞ 32 വർഷമായി തരിശായി കിടന്ന മൂവാറ്റുപുഴ നഗര ഹൃദയത്തിലെ തൃക്കപാടശേഖരം കതിരണിയാൻ ഒരുങ്ങുന്നു. തൃക്കപാടശേഖര സമിതിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ നഗരസഭ മൂവാറ്റുപുഴ അഗ്രോ സർവീസ് സെന്റർ എന്നിവരുടെ സഹകരണത്തോടെയാണ് മൂന്ന് പതിറ്റാണ്ടായി തരിശായി കിടന്ന തൃക്ക പാടശേഖരം കതിരണിയാൻ തയ്യാറാകുന്നത് . മൂവാറ്റുപുഴ നഗരസഭയിലെ രണ്ടാം വർഡിൽ വിശാലമായ തൃക്ക പാടശേഖരത്തിലെ 10ഏക്കറിൽ അധികം വരുന്ന സ്ഥലത്താണ് നെൽകൃഷി ആരംഭിക്കുന്നത്.
പതിറ്റാണ്ടുകളായി കൃഷി ഇറക്കാതെ കാട് കയറി കിടക്കുന്ന തൃക്കപാടശേഖരം ഭൂമാഫിയ കയ്യേറാൻ ശ്രമങ്ങൾ നടത്തിയെങ്കിലും നാട്ടുാകരുടെയും കർഷക സംഘടനകളുടെയും ചൊറുത്ത് നിൽപ്പിന് മുന്നിൽ പരാജയപ്പെടുകയായിരുന്നു. ഒരു പ്രദേശത്തിന്റെ ശുദ്ധജല സ്രോതസും നഷ്ടപ്പെട്ട കാർഷിക സംസ്‌കാരത്തിന്റെ പഴയ പ്രതാപവും വീണ്ടെടുക്കുന്നതിനായിട്ടാണ് നെൽ കൃഷി ആരംഭിക്കുന്നത്. നെൽകൃഷിയ്ക്ക് സ്ഥലം ഒരുക്കുന്നതിന്റെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ തരിശായി കിടക്കുന്ന മുഴുവൻ സ്ഥലത്തും നെൽകൃഷിയ്ക്ക് പുറമെ വിവിധ കൃഷികൾ ആരംഭിക്കുന്നതിന് തരിശ് രഹിത മൂവാറ്റുപുഴ പദ്ധതി നടപ്പിലാക്കുമെന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു. പാടശേഖര സമിതി പ്രസിഡന്റ് ആർ.വാസുദേവൻപിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം.ദിലീപ്,നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ, മുൻനഗരസഭ ചെയർമാൻ പി.എം.ഇസ്മയിൽ, വാർഡ് കൗൺസിലർ പി. എസ്. വിജയകുമാർ, മൂവാറ്റുപുഴ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടാനി തോമസ്, നഗരസഭ സെക്രട്ടറി കൃഷ്ണരാജ്, കൃഷി ഓഫീസർ ലെൻസി തോമസ്, കൃഷി അസിസ്റ്റന്റ് നാദിയ എസ്.എ എന്നിവർപങ്കെടുത്തു. നഗരസഭ രണ്ടാം വാർഡ് നിവാസികളും തൃക്കപാടശേഖരത്ത് സ്ഥലമുള്ളവരുമാണ് പാടശേഖര സമിതിയിലെ അംഗങ്ങൾ. നെൽ കൃഷിക്ക് പുറമെ വാഴ, മരച്ചീനി, പച്ചക്കറി കൃഷിയും പശു ആട്, കോഴി മത്സ്യ കൃഷി എന്നിവയും അടുത്ത ഘട്ടത്തിൽ നടപ്പിലാക്കാനുള്ള ശ്രമത്തിലാണെന്ന് പാടശേഖര സമിതി പ്രസിഡന്റ് ആർ.വാസുദേവൻപിള്ളയും സെക്രട്ടറി കെ.എം.ദിലീപും പറഞ്ഞു.