കൊച്ചി: കൊവിഡ് ഭീതിയില്ലാതെ വാതിൽ തുറക്കാനും എ.ടി.എമ്മിൽ ബട്ടൺ അമർത്താനും കാർഡ് സ്വൈപിംഗ് മെഷീനിൽ അമർത്താനും ഉപകരണം തയ്യാർ. കാർ, ഓഫീസ്, വീട്, തുടങ്ങിയവയുടെ വാതിലുകൾ തുറക്കാനും ഉപയോഗിക്കാവുന്ന ഉപകരണണത്തിന് വില 150 രൂപയിൽ താഴെ.
കൊവിഡ് പകരുന്നത് സമ്പർക്കത്തിലൂടെയാണെന്ന തിരിച്ചറിവാണ് കളമശേരി മേക്കർ വില്ലേജിലെ സെക്ടർക്യൂബ് എന്ന കമ്പനിയുടെ ചിന്ത മാറ്റിയത്. കീ ചെയിനിന്റെ രൂപത്തിൽ നേരിട്ട് സ്പർശനമൊഴിവാക്കാൻ കോഗൺ എന്ന ഉപകരണം ദിവസങ്ങൾക്കകം റെഡി.
ലളിതമായ രൂപകല്പന, പോക്കറ്റിൽ ഒതുങ്ങുന്ന വലുപ്പം, കുറഞ്ഞ വില എന്നിവയാണ് കോഗന്റെ മികവെന്ന് മേക്കർവില്ലേജ് വൃത്തങ്ങൾ പറഞ്ഞു. രണ്ടാഴ്ച കൊണ്ടാണ് ഉത്പന്നം പുറത്തിറക്കിയത്.
വിപണിയിലിറക്കി ആദ്യ അഞ്ച് മണിക്കൂറിനകം 40,000 നിർമ്മിക്കാൻ ഓർഡറുകൾ ലഭിച്ചെന്ന് സി.ഇ.ഒ നിബു ഏലിയാസ് പറഞ്ഞു. അയർലൻഡ്, ദുബായ്, യു.കെ എന്നിവിടങ്ങളിലെ ആശുപത്രികളും താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.