പറവൂർ: കൃഷി സമൃദ്ധമാക്കുക എന്ന ലക്ഷ്യത്തോടെ എ.ഐ.വൈ.എഫ് സംസ്ഥാനത്ത് നടപ്പാക്കുന്ന ജീവനം ഹരിത സമൃദ്ധി കൃഷി ക്യാമ്പയിന്റെ ഭാഗമായി പറവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷി ഇറക്കി ദേശീയ പാതക്കെതിരെ പ്രതിരോധമാക്കി. ദേശീയപാത 66 റോഡ് നിർമ്മിക്കാൻ വേണ്ടി വീടുകൾ ഒഴിപ്പിച്ച് സ്ഥലം ഏറ്റെടുത്തിട്ട് മുപ്പത്തഞ്ച് വർഷത്തിലേറെയായിട്ടും അധികൃതർ നിർമ്മാണം ആരംഭിക്കാത്തതിൽ പ്രതിഷേധം അറിയിച്ചു കൊണ്ടാണ് യുവജന ഫെഡറേഷൻ പറവൂർ മണ്ഡലം കമ്മിറ്റി ജീവനം ഹരിത സമൃദ്ധ പദ്ധതി നടപ്പാക്കുന്നത്. പെരുമ്പടന്ന ഭാഗത്ത് ഒരേക്കറോളം സ്ഥലത്താണ് പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചത്. ജില്ലാ ജോയിന്റ് സെക്രട്ടറി ഡിവിൻ കെ. ദിനകരൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജു, എം.എ. സിറാജ്, സുനിൽ സുകുമാരൻ, സി.പി.ഐ പറവൂർ മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ തുടങ്ങിയവർ നേതൃത്വം നൽകി.