കൊച്ചി: വിദേശത്തു നിന്നും എത്തുന്ന ഗർഭിണികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ എറണാകുളം മെഡിക്കൽ കോളേജിൽ ഇവർക്കായി കൂടുതൽ സൗകര്യം ഏർപ്പെടുത്തി. നാലു നിലകളിലായാണ് സമ്പർക്ക വിലക്കിൽ കഴിയേണ്ടി വരുന്ന ഗർഭിണികൾക്ക് ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയത്.
പ്രസവ തീയതി അടുത്തവർക്കും മറ്റ് അസ്വസ്ഥതകൾ അനുഭവിക്കുന്ന ഗർഭിണികൾക്കും ആശുപത്രിയിൽ ചികിത്സ ഒരുക്കി. അടിയന്തര ചികിത്സ ആവശ്യമായി വരുന്നവർക്ക് പ്രത്യേക പരിഗണന നൽകി സൗകര്യങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കൊവിഡ് പോസിറ്റീവായവർക്കും നെഗറ്റീവായവർക്കും പ്രത്യേക പ്രത്യേക പ്രസവമുറികളുമുണ്ട്.
പ്രവാസികൾക്ക് വിമാന സർവീസ് ആരംഭിച്ചത് മുതൽ 343 ഗർഭിണികളാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ഇന്ത്യൻ നേവിയുടെ ഓപ്പറേഷൻ സമുദ്ര സേതു ദൗത്യത്തിൽ ഐ.എൻ.എസ് ജലാശ്വ യുദ്ധക്കപ്പലിൽ 19 ഗർഭിണികളും നാട്ടിലെത്തി. ഇതിൽ രണ്ടു പേർക്ക് അടിയന്തരമായി സിസേറിയൻ പ്രസവം നടത്തിയിരുന്നു.
മറ്റു ശാരീരിക ബുദ്ധിമുട്ടുകളില്ലാത്ത ഗർഭിണികളെ വീടുകളിൽ സമ്പർക്ക വിലക്കിൽ കഴിയാനാണ് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചത്. പ്രസവ തീയതി അടുത്തവരും ഗർഭ സംബന്ധമായ പ്രയാസങ്ങൾ നേരിടുന്നവർക്കും ആശുപത്രിയുടെ സേവനം അത്യാവശ്യമാണ്. ഇക്കാരണത്താലാണ് കളമശേരി മെഡിക്കൽ കോളജിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പാടാക്കിയിരിക്കുന്നത്.
"കൊവിഡ് പോസിറ്റീവ് പ്രസവമുറികളും കൊവിഡ് നെഗറ്റീവ് പ്രസവമുറികളും നിലവിലെ സാഹചര്യത്തിൽ തയാറാക്കിയതാണ്. പ്രസവശേഷമുള്ള ശുശ്രൂഷകൾക്കും പ്രത്യേക മുറികളാണുള്ളത്. നവജാത ശിശു പരിചരണത്തിലും ശ്രദ്ധ പുലർത്തുന്നു. കൊവിഡ് പോസിറ്റീവ് ആയ ശിശുക്കളെയും നെഗറ്റീവ് ആയ ശിശുക്കളെയും പരിചരിക്കാൻ പ്രത്യേക എൻ.ഐ.സി.യുകളും സജ്ജമാക്കിയിട്ടുണ്ട്."
ഡോ. ഗണേഷ് മോഹൻ
ആർ.എം.ഒ