കൊച്ചി: ശബരിമല ക്ഷേത്രദർശനത്തിന് ശ്രമിച്ച് വിവാദം സൃഷ്‌ടിച്ച രഹ്ന ഫാത്തിമയെ ബി.എസ്.എൻ.എൽ പിരിച്ചു വിട്ടു. ഫേസ്ബുക്കിലൂടെ രഹ്നയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബി.എസ്.എൻ.എല്ലും സ്ഥിരീകരിച്ചു. പാലാരിവട്ടം ബ്രാഞ്ചിൽ ടെലികോം ടെക്‌നീഷ്യനായിരുന്നു . ശബരിമല ദർശനത്തിന് ശ്രമിച്ചതിലൂടെ ബി.എസ്.എൻ.എല്ലിന്റെ സൽപ്പേരിന് അവമതിപ്പുണ്ടാക്കിയെന്നും ഇടപാടുകാരുടെ മതവികാരം വ്രണപ്പെടുത്തിയെന്നും വിശദീകരിച്ചാണ് പിരിച്ചുവിടൽ. ഫേസ്ബുക്കിൽ ശബരിമലയുമായി ബന്ധപ്പെട്ട് പോസ്‌റ്റിട്ടത് അശ്ലീലമാണെന്നും ഉത്തരവിൽ പറയുന്നു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ അറസ്‌റ്റിലായി 18 ദിവസം രഹ്ന ജയിലിൽ കഴിഞ്ഞിരുന്നു. ഇതോടെ എറണാകുളം ബോട്ടുജെട്ടിയിലെ ഒാഫീസിൽ നിന്ന് പാലാരിവട്ടത്തേക്ക് മാറ്റി. പിന്നീട് സസ്‌പെൻഡ് ചെയ്‌തു. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.
'ബി.എസ്.എൻ.എൽ അധികൃതർക്ക് അപ്പീൽ നൽകും. സസ്‌പെൻഷനും വകുപ്പുതല അന്വേഷണത്തിനുമെതിരെ സെൻട്രൽ അഡ്മിനിസ്ട്രേഷൻ ട്രിബ്യൂണലിൽ കേസുണ്ട്. '.
-രഹ്ന ഫാത്തിമ
ശബരിമല കേസിലാണ് നടപടിയെന്ന് പറയാനാവില്ല. ജോലിയിലിരിക്കെ തെറ്റായ കാര്യങ്ങൾ ചെയ്‌തു. വിശദമായി വെളിപ്പെടുത്താനാവില്ല.
-ഫ്രാൻസിസ്,
പ്രിൻസിപ്പൽ ജനറൽ മാനേജർ,
ബി.എസ്.എൻ.എൽ.