-biju-charayamvattu-
ബിജു

പറവൂർ : ആഡംബരവീടിനോട് ചേർന്നുള്ള വിശാലമായ ഷെഡിൽനിന്ന് 1700 ലിറ്റർ കോടയും പത്തുലിറ്റർ വാറ്റുചാരായവും വാറ്റുപകരണങ്ങളും പിടികൂടി. ചേന്ദമംഗലം കോട്ടയിൽ കോവിലകം പാലാതുരുത്ത് കൊടിയൻ കെ.എസ്. ബിജുവിനെ (50) അറസ്റ്റുചെയ്തു. 300 ലിറ്ററിന്റെ നാലും 500 ലിറ്ററിന്റെ ഒരു കന്നാസിലുമായാണ് കോട സൂക്ഷിച്ചിരുന്നത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ രണ്ടാഴ്ചയായി ഇയാളെ എക്സൈസ് നിരീക്ഷിച്ചുവരികയായിരുന്നു. ഷെഡ് പൂട്ടി ചാരായം വാറ്റുന്നതിനിടെയാണ് എക്സൈസ് സംഘം സ്ഥലത്തെത്തിയത്. താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ഇയാൾ ചാരായം മൊത്തവില്പന നടത്തിയിരുന്നതായി എക്സൈസ് അധികൃതർ പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇൻസ്പെക്ടർ കെ.പി. സുജിത്തിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ എസ്.എ. സനൽകുമാർ, കെ. രാജ്കുമാർ, ഒ.എ. ജഗദീഷ്, പി.ബി. ഷിബു, കെ.എ. ശിവകുമാർ, കെ.ആർ. രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.