പറവൂർ: താലൂക്ക് ആശുപത്രിയിൽ എത്തുന്നവർക്കു മാസ്ക്, സാനിറ്റൈസർ എന്നിവ ഇനി യന്ത്രം തരും. അഞ്ച് രൂപ നാണയമിട്ടാൽ പായ്ക്ക് ചെയ്ത ഒരു മാസ്ക് യാന്ത്രത്തിൽ നിന്ന് പുറത്തേക്കുവരും. നോസിലിനു താഴെ വയ്ക്കുന്ന കൈയിലേക്ക് സാനിറ്റൈസർ സ്പ്രേ ചെയ്യും. ഉപയോഗിച്ച മാസ്ക് ശേഖരിക്കുന്നതിനുള്ള സംവിധാനവുമുണ്ട്. മാല്യങ്കര എസ്.എൻ.എം എൻജിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗം വിദ്യാർത്ഥികളുടെ ഇൻക്വിബേഷൻ സെൽ എഡ്ജ് വികസിപ്പിച്ചതാണ് ‘ട്രിയോഗ– 19’ . ഓട്ടോമാറ്റിക് ഹാൻഡ് സാനിറ്റൈസർ, മാസ്ക് വെന്റിംഗ് ആൻഡ് ഡിസ്പോസിംഗ് എന്നി സംവിധാനങ്ങളുള്ള മെഷീന് 13,000 രൂപയാണ് നിർമാണ ചെലവ്. ഉപയോഗിച്ച മാസ്ക് അണുവിമുക്തമാക്കാനുള്ള സംവിധാനം യന്ത്രത്തിനകത്ത് ഒരുക്കിയിട്ടുണ്ട്. അസി.പ്രൊഫർമാരായ ടി.ബി. ബിൻറോയ്, ചൈതന്യ രാജ്, അർജുൻ സന്തോഷ്, പൂർവവിദ്യാർത്ഥി സുനീത് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് യന്ത്രം തയ്യാറാക്കിയത്.
കോളജ് അധികൃതരിൽ നിന്ന് ആശുപത്രി സൂപ്രണ്ട് ഡോ. പി. എസ്. റോസമ്മ ഏറ്റുവാങ്ങി. വി ഡി സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ഡി. രാജ്കുമാർ, എച്ച്.എം.ഡി.പി സഭ പ്രസിഡന്റ് ബി.രാജീവ്, സെക്രട്ടറി ടി.എസ്. ബിജിൽ കുമാർ, മാനേജർ ടി.എസ്. രാജീവ്, കോളേജ് പ്രിൻസിപ്പൽ ഡോ. വി.ആർ. ശശികുമാർ എന്നിവർ പങ്കെടുത്തു.