മൂവാറ്റുപുഴ: ബീഹാർ, ഉത്തർപ്രദേശ്, ജാർക്കണ്ഡ് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തിര ഇടപെടണമെന്ന് എം.പി ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. രോഗവ്യാപനത്തിന്റെ ഭീതിയിൽ കഴിയുന്ന ഇവിടുത്തെ മലയാളികൾ നോർക്ക രജിസ്‌ട്രേഷൻ നടത്തി കാത്തിരിക്കുകയാണ്. കേരളത്തിൽ നിന്നുള്ള അതിഥി തൊഴിലാളികളെ ബീഹാറിൽ എത്തിക്കുന്നതിന് മൂന്ന് ട്രെയിൻ വന്നെങ്കിലും തങ്ങളെ കൊണ്ടുപോകാൻ ഒരു ട്രെയിൻ പോലും അനുവദിക്കാത്തതിന്റെ പരിഭവത്തിലും ആശങ്കയിലുമാണ് ബീഹാറിലെ മലയാളികൾ. മറ്റ് വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും സ്ഥിതി വ്യത്യസ്ഥമല്ല. ബീഹാറിലേക്കും മറ്റും അതിഥിതൊഴിലാളികളെ കൊണ്ടുപോയിട്ടുള്ള ട്രെയിൻ അണുനശീകരണം നടത്തി അതിൽ മലയാളികളെ കൊണ്ടുവരുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയ്ക്ക് നൽകിയ കത്തിൽ എം.പി. ആവശ്യപ്പെട്ടു.