rural-sp
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ആഭ്യന്തര സർവീസ് ആരംഭിക്കുന്നതിന് മുമ്പായി സുരക്ഷാക്രമീകരണം വിലയിരുത്താൻ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് എത്തിയപ്പോൾ

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ആഭ്യന്തര യാത്രക്കാർക്ക് സുരക്ഷയൊരുക്കാൻ റൂറൽ ജില്ലാ പൊലീസ് തയ്യാറായി. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്യത്തിലാണ് സുരക്ഷയൊരുക്കുന്നത്. ആഭ്യന്തരസർവീസ് ആരംഭിക്കുമ്പോൾ യാത്രക്കാർക്കായി ടെർമിനലിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൊവിഡ് കൺട്രോൾ റൂം ആരംഭിക്കും. ഇവിടെ യാത്രക്കാരുടെ ജില്ല തിരിച്ചുള്ള വിവരങ്ങൾ, യാത്രക്കാർ സഞ്ചരിക്കുന്ന വാഹനങ്ങൾ, ക്വാറന്റൈൻ ചെയ്യുന്നതിന്റെ വിവരങ്ങൾ എന്നിവ ശേഖരിക്കും. സാമൂഹ്യഅകലം പാലിച്ചായിരിക്കും യാത്രക്കാരെ പുറത്തേക്ക് വിടുക. യാത്രക്കാരുടെ കാറ്റഗറി അനുസരിച്ച് മുൻഗണനാ ക്രമത്തിൽ വാഹനത്തിൽ കയറ്റും. കുട്ടികൾക്കും പ്രായമായവർക്കും ഗർഭിണികൾക്കും മുൻഗണനയുണ്ടാകും.

അറൈവൽ ഏരിയായിൽ പൊലീസ് പിക്കറ്റ് ഏർപ്പെടുത്തും. ശക്തമായ പരിശോധനകൾക്ക് ശേഷമാണ് വാഹനങ്ങൾ അകത്തേക്ക് കയറ്റിവിടുക. എയർപോർട്ടിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചുള്ള ബോധവത്കരണം നടത്തും. സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി റൂറൽ ജില്ലാ പൊലീസ് മേധാവി എയർപോർട്ട് സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി.