കോലഞ്ചേരി: കൊവിഡു കാലത്ത് അലക്കുകാർ അലക്കിയത് സ്വപ്നങ്ങൾ മാത്രം. അലക്കി തേച്ച ജീവിത വഴികളുടെ ഓർമകളുമായി കഷ്ടതകൾക്കൊപ്പം ജീവിതം തള്ളി നീക്കുകയാണ് അലക്കുകാരും ഇസ്തിരിക്കടക്കാരും. ഗ്രാമങ്ങളിലെ ഇടത്തരക്കാർ അലക്കാനും ഇസ്തരി ഇടാനും ആശ്രയിക്കുന്നത് ഈ തൊഴിൽ ചെയ്യുന്നവരെയാണ്. ഇപ്പോൾ തമിഴരാണ് പാരമ്പര്യ തൊഴിലാളികളുടെ സ്ഥാനത്തുള്ളത്. വസ്ത്രങ്ങൾ ശേഖരിച്ച് അലക്കി ഇസ്തിരി ഇട്ട് വീടുകളിൽ എത്തിച്ചുകൊടുക്കുന്നവരും ഉന്തുവണ്ടികളിൽ വീടുകളിലെത്തി തേച്ചു നൽകുന്നവരും ഉൾപ്പെട്ടതാണ് ഈ തൊഴിൽ മേഖല. ലോക്ക് ഡൗൺ വന്നതോടുകൂടി രണ്ടുമാസമായി ഇവർ വെറുതേ ഇരുപ്പ് തുടങ്ങിയിട്ട്.
പത്തു വർഷം മുമ്പ് തെങ്കാശിയിൽ നിന്നുമെത്തിയതാണ് പട്ടിമറ്റം മേഖലയിൽ ജോലി ചെയ്യുന്ന കുമാർ. ഇപ്പോൾ കുടുംബവും ഇവിടെയാണ്. കുട്ടികളും പഠിക്കുന്നു. ബന്ധുക്കളും ചുറ്റു വട്ടത്തുണ്ട്. ലോക്ക് ഡൗൺ തുടങ്ങിയ ശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് ഇസ്തിരിയിടാനുള്ള ഉന്തു വണ്ടി 'സ്റ്റാർട്ടു' ചെയ്തത്. കട്ടപ്പുറത്തിരുന്ന വണ്ടിയുടെ ടയറു നാലും പോയി. ഇനി അതുണ്ടാക്കണം. ലോക്ക് ഡൗണിൽ കമ്മ്യൂണിറ്റി കിച്ചണിൽ ആഹാരത്തിന് മുട്ടുണ്ടായില്ല. ഭക്ഷണ കിറ്റുകളും ലഭിച്ചു.
വീടുകൾക്ക് പുറത്തേയ്ക്ക് ആളുകൾ ഇറങ്ങി തുടങ്ങിയെങ്കിലും പഴയ പോലെ തേപ്പ് ലഭിക്കുമോ എന്ന ആശങ്കയും കുമാറിനുണ്ട്. ഇനി ആകെ പ്രതീക്ഷ തദ്ദേശ ഭരണ തിരഞ്ഞെടുപ്പാണ് അലക്കി തേച്ച കുപ്പായം വടി പോലെയിട്ടിറങ്ങാൻ ഇവരുടെ സഹായം കൂടിയേ തീരൂ എന്നതാണ് കുമാറിന്റെ പ്രതീക്ഷ.