ആലുവ: ആലുവ നഗരസഭയിൽ സമൂഹ അടുക്കള പ്രവർത്തനം ആരംഭിച്ചിട്ട് ഇന്ന് 50 ദിവസം പൂർത്തിയാകുമ്പോൾ ഇതുവരെ വിതരണം ചെയ്തത് നാൽപ്പതിനായിരത്തോളം ഭക്ഷണപ്പൊതികൾ. സമൂഹ അടുക്കളയുടെ പ്രവർത്തനത്തിനായി ഇതുവരെ 15 ലക്ഷം രൂപയുടെ സ്‌പോൺസർഷിപ്പ് ലഭിച്ചിട്ടുണ്ട്. അൻവർസാദത്ത് എം.എൽ.എ., ഫെഡറൽ ബാങ്ക്, സി.എം.ആർ.എൽ., കപ്പൂച്ചിൻ ആശ്രമം, ആശ്വാസാലയം, വിവിധ രാഷ്ട്രീയ കക്ഷികൾ, സാമൂഹിക സാംസ്‌കാരിക സംഘടനകൾ, കളമശേരി എസ്.സി.എം.എസ്., ആലുവ മാർക്കറ്റിലെ പച്ചക്കറി വ്യാപാരികൾ, ബാങ്കേഴ്‌സ് ക്ലബ്, വിവിധ റെസിഡന്റ്‌സ് അസോസിയേഷനുകൾ എന്നിവയുടെ സഹായം ലഭിച്ചു. ചലച്ചിത്ര താരങ്ങളായ ദിലീപും നിവിൻ പോളിയും ആവശ്യമായ സഹായങ്ങൾ നൽകി.
തുടക്കത്തിൽ ക്യാമ്പിലുള്ള 220 ഓളം പേർക്കും വാർഡുകളിലുള്ള 300 ഓളം അവശവിഭാഗക്കാർക്കും 3 നേരം പ്രതിദിനം 520 ഓളം പേർക്ക് ഭക്ഷണവിതരണം നടത്തിയിരുന്നു. നിലവിൽ ക്യാമ്പിലുള്ള 120 ഓളം പേർക്ക് 3 നേരം ഭക്ഷണം വിതരണം ചെയ്തുവരുന്നു. സമൂഹ അടുക്കളയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ചെയർപേഴ്‌സൻ ലിസി എബ്രഹാമിന്റെ അധ്യക്ഷതയിൽ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങളെ നിയന്ത്രിച്ചുപോരുന്നു.