കൊച്ചി: ജില്ലയിൽ ഏറ്റവും കൂടുതൽ കടലാക്രമണമുള്ള ചെല്ലാനത്ത് ജൂൺ 15 നും 20നും ഇടയിൽ ജിയോ ട്യൂബുകൾ സ്ഥാപിക്കുമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. രൂക്ഷമായ കടലാക്രമണം ഉണ്ടാകുന്ന വേളാങ്കണ്ണി, ബസാർ, കമ്പനിപ്പടി, വാച്ചാക്കൽ എന്നിവിടങ്ങളിലാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. വേളാങ്കണ്ണി, ബസാർ മേഖലകളിൽ ജിയോ ട്യൂബ് ഉടൻ സ്ഥാപിക്കും. കമ്പനിപ്പടി, ചെറിയ കടവ്, വാച്ചാക്കൽ എന്നിവിടങ്ങളിൽ ജിയോ ട്യൂബ് സ്ഥാപിക്കാൻ കഴിയാത്തതിനാൽ താത്ക്കാലികമായി ജിയോ ബാഗുകൾ സ്ഥാപിക്കും.
ചെല്ലാനത്തെ പതിനേഴ് കിലോമീറ്ററോളം വരുന്ന സ്ഥലത്ത് കടലാക്രമണവുമായി ബന്ധപ്പെട്ട് മുടങ്ങിക്കിടക്കുന്ന പ്രവർത്തനങ്ങൾ വിശദമായി ചർച്ച ചെയ്യുന്നതിന് അടുത്ത ബുധനാഴ്ചയ്ക്കകം കളക്ടറേറ്റിൽ യോഗം ചേരും. ഇറിഗേഷൻ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി യോഗത്തിൽ പങ്കെടുക്കും.
ഹൈബി ഈഡൻ എം.പി, കെ.ജെ. മാക്‌സി എം.എൽ.എ, ജില്ലാ കളക്ടർ എസ്.സുഹാസ്, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് പി. എസ്, ജില്ലാ പഞ്ചായത്ത് അംഗം അനിത ഷീലൻ, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജോസി തുടങ്ങിയവർ സന്ദർശനത്തിൽ പങ്കെടുത്തു.