santhosh
മരണപ്പെട്ട സന്തോഷ്

മൂവാറ്റുപുഴ: കൊവിഡ് -19 വ്യാപനകാലത്ത് ഹൃദയാഘാതം മൂലം മരണമടഞ്ഞ കെ.എസ്.ആർ.ടി.സി എം.പാനൽ കണ്ടക്ടറുടെ കുടുംബം നിത്യവൃത്തിക്ക് വകയില്ലാതെ വലയുന്നുമൂവാറ്റുപുഴ കടാതി മുള്ളിനാകുഴിയിൽ സന്തോഷാണ് ഏപ്രിൽ 19ന് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞത്. 50 വയസ് പ്രായമുണ്ടായിരുന്ന സന്തോഷ് കെ.എസ്.ആർ.ടി.സി പറവൂർ ഡിപ്പോയിൽഅഞ്ച് വർഷവും മൂവാറ്റുപുഴ ഡിപ്പോയിൽ 13 വർഷവും ജോലി ചെയ്തു. മൂവാറ്റുപുഴയിൽ ജോലി ചെയ്യുമ്പോഴാണ് സന്തോഷ് മരണമടഞ്ഞത്.മൂവാറ്റുപുഴ - കോലഞ്ചേരി റോഡിൽ കടാതിയിൽ ഒന്നര സെന്റ് സ്ഥലത്ത് പൊട്ടിപൊളിയാറായ വീട്ടിലാണ് താമസം.സന്തോഷിന്റെ വരുമാനം നിലച്ചതോടെ സഹപ്രവർത്തകരുടെ സഹായത്താലാണ് കുടുംബംമുന്നോട്ട് നീങ്ങുന്നത്.

സന്തോഷിന്റെ ഭാര്യ സുമ, വിദ്യാർത്ഥിനിയായ മകൾ നവമി സന്തോഷ് , രോഗിയായ മാതാവ് രുഗ്മിണി, ഇരുകാലുകളും തളർന്ന് ഒരേ കിടപ്പിൽ കിടക്കുന്ന സഹോദരി ഇവരടങ്ങുന്ന കുടുംബത്തിന്റെ ഏക വരുമാന സ്രോതസാണ് നിലച്ചത്.. 18 വർഷക്കാലം കെ.എസ്.ആർ.ടി.സിയിൽ നിസ്വാർത്ഥ സേവനം നടത്തിയ എം പാനൽ കണ്ടക്ടറുടെ കുടുംബത്തോട് ഡിപ്പാർട്ടുമെന്റിന് ഒരു ബാദ്ധ്യതയും ഇല്ലേ .. എന്തെങ്കിലും ഒരു ജോലി തന്ന് സഹായിച്ച് കൂടെ... തകർന്ന ഹൃദയത്തോടെ സുമ ചോദിക്കുന്നു

#സഹായിക്കാൻ ഡിപ്പാർട്ടുമെന്റ് തയ്യാറാകണം

സന്തോഷ് താത്ക്കാലിക ജീവനക്കാരനാണെങ്കിലും സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ഈ കുടുംബത്തെ സഹായിക്കണമെന്നും സ്ഥിരവരുമാനത്തിന് ഭാര്യക്ക് ജോലി നൽകാൻ ഡിപ്പാർട്ടുമെന്റ് തയ്യാറാകണമെന്നും കെ.എസ്.ആർ.ടി. എംപ്ലോയ്സ് അസോസിയേഷൻ ( സി.ഐ. ടി.യു ) എറണാകുളം ജില്ലാ സെക്രട്ടറി സജിത് എം.കുമാർ ആവശ്യപ്പെട്ടു.