കൂത്താട്ടുകുളം: കുട്ടികൾക്ക് മാസ്കുകൾ നിർമ്മിച്ച് ലോക്ക് ഡൗൺ കാലത്തെ അടയാളപ്പെടുത്തുകയാണ് ഒരു കൂട്ടം അദ്ധ്യാപകരും രക്ഷിതാക്കളും. സമഗ്ര ശിക്ഷ കേരള കൂത്താട്ടുകുളം ബി.ആർ.സി യിലെ അദ്ധ്യാപകരും, ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കളുമാണ് മാസ്ക് നിർമ്മാണവുമായി രംഗത്തെത്തിയിരിക്കുന്നത്.
സ്കൂൾ തുറക്കുമ്പോൾ എല്ലാ കുട്ടികളും മസ്ക് ധരിച്ചു വേണം സ്കൂളിലെത്താൻ. ഈ സാഹചര്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ്, സൗജന്യ വിതരണത്തിനായി സമഗ്ര ശിക്ഷ കേരളയുടെ 168 ബി.ആർ.സികൾ വഴി 55 ലക്ഷത്തോളം മാസ്കുകളാണ് നിർമ്മിക്കുന്നത്. കൂത്താട്ടുകുളം ബി.ആർ.സി മുപ്പതിനായിരം മാസ്കുകളാണ് നിർമ്മിച്ചു നൽകേണ്ടത്.ഇതിൽ ഒരു ഭാഗം ബി.ആർ.സി പ്രവർത്തനങ്ങൾക്കിടെ ചെയ്യാനാണ് അദ്ധ്യാപകർ ശ്രമിക്കുന്നത്. തുണി, നൂൽ, ഇലാസ്റ്റിക് തുടങ്ങിയ നിർമ്മാണ സാമഗ്രഹികളും, അളവുകളും തയ്യൽ അറിയാവുന്ന രക്ഷിതാക്കൾക്ക് വീടുകളിൽ എത്തിച്ചു നൽകിയിട്ടുണ്ട്. മുടങ്ങിപ്പോയ എസ്.എസ്.എൽ.സി പ്ലസ് ടു പരീക്ഷകൾ തുടങ്ങുന്ന 25 ന് മുമ്പ് ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂളുകൾക്ക് മാസ്കുകൾ നൽകും. ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ബിബിൻ ബേബി, ടെയ്നർമാരായ ഷൈല സേവ്യർ, നിധി ജോസ്, സിജി ഇ.കെ, എൻ.ജയശ്രീ, റിസോഴ്‌സ് അധ്യാപകരായ റെയ്നിമോൾ കുര്യൻ, എൽദോ ജോൺ, ഗ്രേസി പി.എം, കെ.പി.സീമ, റിൻസൺ ഐസക്, സിംബിൾ ജോമോൻ എന്നിവർ നേതൃത്വം നൽകി.