covid-19

ചെന്നൈ: ചെന്നൈ തുറമുഖത്ത് ആദ്യ കൊവിഡ് 19 കേസ് റിപ്പോർട്ട് ചെയ്തു. ബസ്രയിൽ നിന്ന് ക്രൂഡ് കൊണ്ടുവരുന്ന ഓയിൽ ടാങ്കറിലെ 23 അംഗ സംഘത്തിൽ ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏപ്രിൽ 23 ന് ഇറാഖ് വിട്ട് മെയ് 3 ന് ചെന്നൈയിലെത്തി. അടിവയറിന്റെ വലതുഭാഗത്ത് വേദനയെ തുടർന്ന് വൈദ്യസഹായം തേടിയപ്പോഴാണ് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.


തുറമുഖത്തെ ആദ്യ പോസിറ്റീവ് കേസാണിതെന്ന് തുറമുഖ ആരോഗ്യ ഓഫീസർ എസ്. സെന്തിൽനാഥൻ പറഞ്ഞു. കപ്പലിൽ ഉണ്ടായിരുന്ന മുഴുവൻ ജോലിക്കാരും മറ്റ് രണ്ട് പേരും ഇപ്പോൾ നിരീക്ഷണത്തിലാണ്. ഒരു ഇമിഗ്രേഷൻ ഓഫീസർ, കപ്പലിന്റെ ഏജന്റ്, സിഐഎസ്എഫ് ഉദ്യോഗസ്ഥർ എന്നിവരും 14 ദിവസത്തേക്ക് നിരീക്ഷണത്തിലാണ്. നവംബർ 11 ന് മുംബൈയിൽ നിന്ന് രോഗി കപ്പലിൽ കയറുകയായിരുന്നു . നഗരത്തിലെ മിയോട്ട് ആശുപത്രിയിൽ രോഗി ഇപ്പോൾ ചികിത്സയിലാണ്.

അതേസമയം, നഗരത്തിലുടനീളം 650 പുനരധിവാസ, പ്രോജക്ട് സൈറ്റുകളിലുള്ള 26 ലക്ഷത്തോളം ആളുകൾക്ക് നഗര കോർപ്പറേഷൻ പുനരുപയോഗിക്കാവുന്ന മാസ്‌കുകൾ വിതരണം ചെയ്യാൻ തുടങ്ങി. എല്ലാ ചേരി ക്ലിയറൻസ് ബോർഡ് ടെൻമെൻറുകളിലും മാസ്‌ക്കുകൾ വിതരണം ചെയ്യുമെന്ന് അധികൃതർ പറഞ്ഞു. ഓരോ താമസക്കാർക്കും രണ്ട് മാസ്‌കുകൾ നൽകും. ആദ്യ ഘട്ടത്തിൽ 50 ലക്ഷം മാസ്‌കുകൾ വിതരണം ചെയ്യും.