pic

കൊച്ചി: ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ആദ്യ രാജധാനി സ്‌പെഷ്യൽ ട്രെയിനിൽ എറണാകുളത്ത് ഇറങ്ങിയ ആർക്കും രോഗലക്ഷണങ്ങളില്ല. എന്നാൽ, യാത്രക്കാരിൽ ഒരാളെ നെഞ്ചു വേദനയെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇയാൾ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ 1.45ഓടെയാണ് സ്‌പെഷ്യൽ ട്രെയിൻ എറണാകുളം ജംഗ്ഷൻ സ്റ്റേഷനിൽ എത്തിയത്. 411 പേരാണ് ഇവിടെ ഇറങ്ങിയത്. ഇതിൽ 237 പേർ പുരുഷന്മാരും 174പേർ സ്ത്രീകളും ആണ്. എറണാകുളം ജില്ലക്കാരായ 106 പേരാണ് ട്രെയിനിൽ എത്തിയത്. തുടർന്ന് ആരോഗ്യവകുപ്പിന്റെ പരിശോധനകൾ പൂർത്തിയാക്കി. ശേഷം അതാത് ജില്ലകളിലേക്ക് കൊണ്ടുപോകുകയായിരുന്നു. 14 ബസുകളാണ് കെ.എസ്.ആർ.ടി.സി സജ്ജീകരിച്ചിരുന്നത്.

അതേസമയം, തിരുവനന്തപുരത്ത് ഇറങ്ങാൻ ടിക്കറ്റെടുത്ത ചിലർ എറണാകുളത്ത് ഇറങ്ങിയിരുന്നു. ഇവരുടെ നടപടികൾ പൂർത്തിയാക്കി വീടുകളിലേക്ക് മടങ്ങി. ആലപ്പുഴ-45,ഇടുക്കി -20,കോട്ടയം-75,പത്തനംതിട്ട -46,തൃശൂർ -91,മലപ്പുറം -2,പാലക്കാട് -12,കണ്ണൂർ -1,വയനാട് -3,കൊല്ലം -19 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. 37 പേരെയാണ് സർക്കാർ ക്വാറന്റൈൻ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുന്നത്.

രണ്ടാം ഘട്ടത്തിലും വിമാനങ്ങൾ പറന്നിറങ്ങും
വന്ദേ ഭാരത് രക്ഷാ ദൗത്യത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ആദ്യ ദിനത്തിലും കൊച്ചിയിലേക്ക് വിമാനം എത്തും. അബുദാബി, ദോഹ എന്നിവിടങ്ങളിൽ നിന്നാണ് വിമാന സർവീസ്. ദുബായ് -കൊച്ചി വിമാനം 17ന് വൈകിട്ടും അബുദാബി-കൊച്ചി വിമാനം രാത്രിയും പറന്നിറങ്ങും. തുടർന്നുള്ള ദിവസങ്ങളിൽ യൂറോപ്പ്, ആമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വിമാനം ഉണ്ടായിരിക്കും. ഇന്നലെ ജിദ്ദയിൽ നിന്നുള്ള 152 പ്രവാസി മലയാളികൾ കൂടി നെടുമ്പാശേരിയിൽ മടങ്ങിയെത്തി. രാത്രി ഒമ്പത് മണിയോടെയാണ് ജിദ്ദയിൽ നിന്നുള്ള സംഘം നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. മടങ്ങിയെത്തിയ സംഘത്തിൽ മൂന്ന് കൈക്കുഞ്ഞുങ്ങളും ഉൾപ്പെടുന്നു. ഗർഭിണികൾ 37, അടിയന്തര ചികിത്സ ആവശ്യമായവർ 31, ജോലി നഷ്ടപ്പെട്ടവർ 40, വിസിറ്റിംഗ് വിസയിൽ സൗദിയിലേക്ക് പോയവർ 41 എന്നിങ്ങനെയാണ് മടങ്ങിയെത്തിയ സംഘത്തിലെ യാത്രക്കാർ.

സംസ്ഥാനത്തെ 12 ജില്ലകളിൽ നിന്നുള്ള പ്രവാസികളാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ആലപ്പുഴ 12, എറണാകുളം 25, ഇടുക്കി 6, കണ്ണൂർ 2, കൊല്ലം 14, കോട്ടയം 28, മലപ്പുറം 13, പാലക്കാട് 5, പത്തനംതിട്ട 19, തിരുവനന്തപുരം 9, തൃശ്ശൂർ 7, വയനാട് 3 എന്നിങ്ങനെയാണ് വിവിധ ജില്ലകളിൽ നിന്നുള്ള യാത്രക്കാർ. പരിശോധനകൾ പൂർത്തിയാക്കിയ ശേഷം എറണാകുളം ജില്ലയിൽ നിന്നുള്ളവരെ കളമശേരിയിലെ നിരീക്ഷണ കേന്ദ്രത്തിലേക്കും മറ്റുള്ളവരെ അതാത് ജില്ലകളിലേക്കും കൊണ്ടുപോയി. ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ എന്നിവരെ വീടുകളിലേക്ക് പോകാൻ അനുവദിച്ചു. ഇവർ 14 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയും.

നിരീക്ഷണത്തിൽ 2748 പേർ

ജില്ലയിൽ ഇന്നലെ മാത്രം, 338 പേരെയാണ് പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കിയത്. നിരീക്ഷണ കാലയളവ് അവസാനിച്ച 71 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 2748 ആയി. ഇതിൽ 19 പേർ ഹൈ റിസ്‌ക്ക് വിഭാഗത്തിലും, 2729 പേർ ലോ റിസ്‌ക് വിഭാഗത്തിലുമാണ്. 12 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.കളമശ്ശേരി മെഡിക്കൽ കോളേജ്- 4 ,മൂവാറ്റുപുഴ ജനറൽ ആശുപത്രി -1,സ്വകാര്യ ആശുപത്രികൾ - 7. 15 സാമ്പിളുകളാണ് ഇന്നലെ പരിശോധനയ്ക്ക് അയച്ചത്. ഇന്നലെ 39 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതെല്ലാം നെഗറ്റീവ് ആണ്. ഇനി 26 ഫലങ്ങൾ കൂടി ലഭിക്കുവാനുണ്ട്.