ലണ്ടൻ: കാത്തിരിപ്പിന് വിരാമം. കളിക്കളങ്ങളിൽ ക്രിക്കറ്റ് ആവേശത്തിന്റെ തിരയിളക്കം തീർക്കാൻ ഇംഗ്ലണ്ട് തയ്യാറെടുക്കുന്നു. ക്രിക്കറ്റ് പുനരാരംഭിക്കാൻ പച്ചക്കൊടി കാണിച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. അടുത്തയാഴ്ച താരങ്ങളുടെ പരിശീലനം പുനരാരംഭിച്ചേക്കുമെന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ, നേരത്തേ മാറ്റി വച്ച വെസ്റ്റ് ഇൻഡീസിനെതിരായ ഇംഗ്ലണ്ടിന്റെ പരമ്പര ജൂലായ് എട്ടിന് ആരംഭിക്കും.
ലോകം കൊവിഡ് വ്യാപനത്തിൽ വിറച്ച് നിൽക്കെ ക്രിക്കറ്റ് പുനരാരംഭിക്കാൻ ആദ്യമായിട്ടാണ് ഒരു ടീം മുന്നോട്ട് വരുന്നത്. ഘട്ടം ഘട്ടമായിട്ടായിരിക്കും ഇംഗ്ലീഷ് താരങ്ങൾ പരിശീലനത്തിലേർപ്പെടുക. ഒരു സമയത്ത് ഒരു ബൗളർ എന്ന നിലയിലായിരിക്കും താരങ്ങൾ നെറ്റ്‌സിൽ പരിശീലനം നടത്തുക. താരങ്ങൾക്കു നിർദേശം നൽകാൻ കോച്ചുമാരും ഒപ്പമുണ്ടാവും. ബൗളർമാരായിരിക്കും തുടക്കത്തിൽ പരിശീലനം ആരംഭിക്കുന്നത്. ബാറ്റ്‌സ്മാൻമാർ രണ്ടാഴ്ചയ്ക്കുള്ളിൽ പടിപടിയായി പരിശീലനം നടത്താൻ തുടങ്ങുമെന്നാണ് വിവരം. 11 വ്യത്യസ്ത വേദികളിലായി സെൻട്രൽ കരാറിലുൾപ്പെട്ട 30 താരങ്ങളാണ് പരിശീലനത്തിലേർപ്പെടുക. ഏതൊക്കെ താരങ്ങൾ എവിടെയൊക്കായിരിക്കും പരിശീലനം നടത്തുകയെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല.
പരിശീലനത്തിനു വേണ്ടി തിരിച്ചെത്തുമ്പോൾ കായിക താരങ്ങൾ പാലിക്കേണ്ട മാർഗ നിർദേശങ്ങൾ യു.കെ സർക്കാർ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. പരിശീലനത്തിനിടെ പരിക്കേൽക്കുന്ന താരങ്ങളെ ശുശ്രൂഷിക്കുമ്പോൾ മെഡിക്കൽ സ്റ്റാഫുമാർ സുരക്ഷാ ഉപകരണങ്ങൾ ധരിക്കണം. ഇതിനുള്ള ഫണ്ട് ഇസിബി അനുവദിക്കും. ഡ്രസിംഗ് റൂമുകളും വേദിയിലെ മറ്റു സൗകര്യങ്ങളും അടഞ്ഞുതന്നെ കിടക്കും.