ലണ്ടൻ: ടെസ്റ്റ് അടക്കം മൂന്ന് ഫോർമാറ്റ്. മൂന്നിലും മൂന്ന് ക്യാപ്ടന്മാരുള്ള ടീമുകളുണ്ട്. നായകന്മാരുടെ സമ്മർദ്ദം കുറക്കാനാണ് പല ക്രിക്കറ്റ് ബോർഡുകളും ഇങ്ങനെ ഒരു പദ്ധതി നടപ്പാക്കുന്നത്. എന്നാൽ,ഈ സ്പ്‌ളിറ്റ് ക്യാപ്റ്റൻസി രീതി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ചേരില്ലെന്ന് തുറന്ന് പറയുകയാണ് ഇംഗ്ലീഷ് മുൻ ക്യാപ്ടൻ നാസർ ഹുസൈൻ. ഇതിന് ഒരു കാരണം കൂടി നാസർ പങ്കുവയ്ക്കുന്നുണ്ട്. അത് ചിലപ്പോൾ കോഹ്ലി ആരാധകർക്ക് അത്ര ഇഷ്ടപ്പെട്ടെന്ന് വരില്ല.
വ്യത്യസ്ത നായകന്മാരെന്ന ശൈലി ക്യാപ്ൻമാർക്ക് അനുസരിച്ച് മാത്രമെ ഫലവത്താകൂ. ഇംഗ്ലണ്ട് ടീമിൽ ജോ റൂട്ടും ഇയാൻ മോർഗനും തമ്മിൽ മികച്ച കൂട്ടുകെട്ടാണുള്ളത്. ഇരുവരും സൗമ്യ സ്വഭാവക്കാരാണ്. അതിനാൽത്തന്നെ കാര്യങ്ങൾ രമ്യതയോടെ പോകും.കോലിയെപ്പോലെ ആധിപത്യം പുലർത്താൻ ആഗ്രഹിക്കുന്ന ഒരു സ്വഭാവക്കാരന് ഇത്തരം വ്യത്യസ്ത നായകന്മാരെന്ന രീതി ഇഷ്ടമാകില്ല. നായക സ്ഥാനത്തിൽ മാത്രമല്ല ഒന്നും വിട്ട് കൊടുക്കാൻ താൽപ്പര്യപ്പെടാത്ത സ്വഭാവക്കാരനാണ് കോലിയെന്നും അതിനാൽ ഇന്ത്യൻ ടീമിന് നിലവിൽ ഒരു നായകനാണ് നല്ലതെന്നും നാസർ ഹുസൈൻ പറഞ്ഞു.
അതേസമയം, ഇത്രയും കാലം ആയിട്ടും നാലാം നമ്പറിൽ ഒരു സ്ഥിര ബാറ്റ്‌സ്മാനെ കണ്ടെത്താൻ സാധിക്കാത്തത് അത്ഭുതപ്പെടുത്തുന്നുവെന്നാണ് നാസർ പറഞ്ഞു. ന്യൂസീലൻഡിനെതിരായ തോൽവിക്ക് കാരണം ടീം തിരഞ്ഞെടുപ്പിലുണ്ടായ പാളിച്ചയാണ്. നാലാം നമ്പറിൽ തുടർച്ചയായ പരീക്ഷണങ്ങൾ ഇന്ത്യക്ക് തിരിച്ചടിയായെന്നും നാസർ പറയുന്നു.