കൊച്ചി: മടങ്ങിയെത്തുന്ന പ്രവാസികൾ 14 ദിവസം സർക്കാർ ക്വാറന്റൈനിൽ കഴിയണമെന്ന നിർദ്ദേശം കർശനമായി പാലിക്കണമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സർക്കാർ ക്വാറന്റൈൻ ഏഴു ദിവസമാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ അപേക്ഷ തള്ളിയാണ് കേന്ദ്രം ഹൈക്കോടതിയിൽ വിശദീകരണ പത്രിക നൽകിയത്.
പ്രവാസികളുടെ ക്വാറന്റൈൻ ഏഴു ദിവസമാക്കി സംസ്ഥാന സർക്കാർ കുറച്ചതിനെതിരെ സാബു സ്റ്റീഫൻ ഡോ. കെ.ജെ കൃഷ്ണകുമാർ എന്നിവർ നൽകിയ ഹർജികളിലാണ് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ വിശദീകരണം.
പ്രവാസികളുടെയും നാട്ടുകാരുടെയും സുരക്ഷയ്‌ക്കാണ് 14 ദിവസം ക്വാറന്റൈൻ നിർദ്ദേശിച്ചതെന്നും പത്രികയിൽ പറയുന്നു.
ക്വാറന്റൈൻ ഏഴു ദിവസമാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി കേന്ദ്രത്തിന് അപേക്ഷ നൽകിയെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് സർക്കാർ നേരത്തെ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് തീരുമാനം അറിയിക്കാൻ ഹൈക്കോടതിയാണ് നിർദ്ദേശിച്ചത്. സംസ്ഥാന സർക്കാരിന് ഒൗദ്യോഗിക മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്ന് അഡി. എ.ജി വ്യക്തമാക്കി. തുടർന്ന് കേന്ദ്രത്തിന്റെ വിശദീകരണത്തിൽ സംസ്ഥാന സർക്കാരിന്റെ നിലപാട് അറിയിക്കാനായി ഹർജികൾ മേയ് 19 ലേക്ക് മാറ്റി.